KSDLIVENEWS

Real news for everyone

രാജ്യത്തെ മുഴുവൻ ഡിജിറ്റൽ തട്ടിപ്പ് അറസ്റ്റ് കേസുകളും സി.ബി.ഐക്ക് വിടും; സുപ്രീംകോടതി

SHARE THIS ON

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുസംഭവങ്ങൾ രാജ്യവ്യാപകമാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഇതുസംബന്ധിച്ച മുഴുവൻ കേസുകളും സിബിഐക്ക് വിടുമെന്ന് വ്യക്തമായ സൂചനനൽകി. സിബിഐ അന്വേഷണത്തിന്റെ പുരോഗതി തങ്ങൾ നിരീക്ഷിക്കുമെന്നും സൈബർ തട്ടിപ്പ് അന്വേഷിക്കുന്നതിന് വിദഗ്ധസഹായം വേണമെങ്കിൽ ലഭ്യമാക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് സംഭവങ്ങളിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഇത്തരം കേസുകളുടെ വിവരങ്ങൾ സുപ്രീംകോടതി ആരാഞ്ഞു. സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച നോട്ടീസയച്ച കോടതി, കേസ് നവംബർ മൂന്നിന് പരിഗണിക്കാനായി മാറ്റി.

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ പലപ്പോഴും നടത്തുന്നത് മ്യാൻമാർ, തായ്‌ലാൻഡ് പോലുള്ള വിദേശരാജ്യങ്ങളിലിരുന്നാണെന്ന് സിബിഐക്കുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. തുടർന്ന്, ഇത്തരം കേസുകൾ അന്വേഷിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ സിബിഐക്ക് കോടതി നിർദേശംനൽകി.

ജനങ്ങൾനേരിടുന്ന കടുത്ത ഭീഷണിയെന്ന് രാഷ്ട്രപതി

ജനങ്ങൾ നേരിടുന്ന ഭയാനകമായ ഭീഷണിയാണ് ഡിജിറ്റൽ അറസ്റ്റെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 10 വർഷംമുൻപ്‌ ഡിജിറ്റൽ അറസ്റ്റ് എന്നത് വിഭാവനംചെയ്യാൻ കഴിയുമായിരുന്നില്ല. ഇന്നത് ജനങ്ങൾ അഭിമുഖീകരിക്കുന്ന ഭയാനകമായ ഭീഷണികളിൽ ഒന്നായി മാറി. രാഷ്ട്രപതിയെ സന്ദർശിച്ച ഒരു സംഘം ഐപിഎസ് പ്രൊബേഷൻ ഓഫീസർമാരോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!