മോന്‍ത ചുഴലിക്കാറ്റ് ഇന്ന് കര തൊടും:
നൂറോളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി; അതീവ ജാഗ്രത

വിശാഖപട്ടണം: മോന്‍ത ചുഴലിക്കാറ്റ് കര തൊടാനിരിക്കെ അതീവ ജാഗ്രതയില്‍ സംസ്ഥാനങ്ങള്‍. ഇന്ന് വൈകുന്നേരം അല്ലെങ്കില്‍ രാത്രിയോടെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍, കാക്കിനടയ്ക്ക് സമീപം മോന്‍ച ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 90-100 കിലോമീറ്റര്‍ വരെ എത്താനും 110 കിലോമീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്.കിഴക്കന്‍ പടിഞ്ഞാറന്‍ ഗോദാവരി, കോനസീമ, വിശാഖപട്ടണം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയവയില്‍ പാസഞ്ചര്‍ ട്രെയിനുകളും എക്‌സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗര്‍ – എറണാകുളം എക്‌സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു.വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ല. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം സുരക്ഷാ വിലയിരുത്തലിന് ശേഷം മാത്രമേ റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ഒഡീഷ-ആന്ധ്ര റൂട്ടിലെ നിരവധി സര്‍വീസുകളും നിര്‍ത്തിവച്ചിട്ടുണ്ട്.
വിമാന സര്‍വീസുകളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വിശാഖപട്ടണം വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും എല്ലാ സര്‍വീസുകളും റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ വിമാനത്തിന്റെ നിലവിലെ സമയക്രമം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്ധ്രയിലെ 14 ജില്ലകളില്‍ ഒക്ടോബര്‍ 29 വരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കക്കിനഡ, ഈസ്റ്റ് ഗോദാവരി, കോനസീമ, എളുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ തുടങ്ങിയ ജില്ലകളില്‍ ഒക്ടോബര്‍ 31 വരെ സ്‌കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിയായിരിക്കും. ഒഡിഷയിലെ എട്ട് ജില്ലകളില്‍ ഒക്ടോബര്‍ 30 വരെ സ്‌കൂളുകള്‍ക്ക് അവധിയാണ്. മല്‍ക്കന്‍ഗിരി, കോരാപുട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാല്‍, കലഹണ്ടി, നബരംഗ്പൂര്‍ ജില്ലകളിലാണ് അവധി. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ വടക്കന്‍ ജില്ലകളില്‍ അടുത്ത 36 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം തുടങ്ങിയ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്.

