അധികാരത്തിലുണ്ടെന്ന് കരുതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കാനാവില്ല- എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പാക്കാന്‍ പറ്റുന്ന ഗവണ്‍മെന്റാണ് ഇതെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സര്‍ക്കാരിന് പരിമിതിയുണ്ടെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒ യൂണിയന്റെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ കൊടുക്കാനാകും. അതാണ് നമുക്ക് ചെയ്യാനാകുന്ന ആയുധമായിട്ടുള്ളതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ഒരുഭാഗത്ത് പരിമിതിയുണ്ട്. മറുഭാഗത്ത് അവസരവുമുണ്ട്. അവസരം ഉപയോഗിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുക. പരിമിതിയുണ്ട് എന്ന് ജനങ്ങളും മനസിലാക്കുക. കൂടുതല്‍ പറയാന്‍ പരിമിതിയുണ്ടെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ വിഷയത്തില്‍ സിപിഐയുമായി ഇടഞ്ഞുനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എം.വി. ഗോവിന്ദന്റെ പരാമര്‍ശമെന്നതാണ് ശ്രദ്ധേയം.

