മീൻ വിൽക്കാനെന്ന വ്യാജേനയെത്തി വീടുകളിൽ നിന്ന് ആട് മോഷണം ; 2 പേർ അറസ്റ്റിൽ.

കാഞ്ഞങ്ങാട് • മീൻ വിൽക്കാനെന്ന വ്യാജേനയെത്തി ആടുകളെ മോഷ്ടിക്കുന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു . ചാളക്കടവ് സ്വദേശി ഹനീഫ ( 38 ) , കണിച്ചിറയിലെ സബീർ ( 32 ) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത് . മോഷ്ടിച്ച 2 ആടുകളിൽ ഒന്നിനെ പൊലീസ് കണ്ടെത്തി . മറ്റൊന്നിനെ കശാപ്പ് ചെയ്തതായി വിവരം ലഭിച്ചു . ഇന്നലെ രാവിലെ കോട്ടപ്പാറ വെള്ളൂടയിൽ നിന്നും 24 ന് വൈകിട്ട് ഇരിയയിൽ നിന്നുമാണ് ആടുകളെ മോഷ്ടിച്ചത് . കോട്ടപ്പാറ വെള്ളൂടയിലെ ജാനകി , ഇരിയയിലെ രാമചന്ദ്രൻ എന്നിവരുടെ ആടുകളാണ് മോഷണം പോയത് . ഇവർ മറ്റു സ്ഥലങ്ങളിൽ നിന്നു ആടുകളെ മോഷ്ടിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു . സിഐ ദാമോദരൻ , എസ്ഐ രാജീവൻ , എഎസ്ഐ ദാമോദരൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് രമേശ് , പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത് . പ്രതികളെയും ആടിനെ ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി . പ്രതികളെ റിമാൻഡ് ചെയ്തു . ആടിനെ കോടതി ജാനകിക്ക് കൈമാറി .

