കോസ്റ്റൽ ഗ്വാർഡിലെ പോലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് പിടികൂടി ; മഞ്ചേശ്വരം ഹാർബറിലെത്തിച്ചു

മഞ്ചേശ്വരം : കുമ്പള തീരദേശ പൊലീസിലെ പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് പിടിയിൽ . മംഗ്ളൂരുവിന് സമീപത്ത് നിന്ന് പിടിയിലായ ബോട്ട് മഞ്ചേശ്വരം ഹാർബറിൽ എത്തിച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി . സംഭവത്തിൽ ബോട്ടിൽ ഉണ്ടായിരുന്ന 12 പേർക്കെതിരെ തീരദേശ പൊലീസ് കേസെടുത്തിരുന്നു . ഇവരിൽ ഒൻപതുപേർ ഇന്നു കീഴടങ്ങുമെന്നാണ് അറിയിച്ചിരുന്നത് . എന്നാൽ നാളെ കീഴടങ്ങുമെന്നാണ് ഏറ്റവും ഒടുവിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം . ഈ മാസം 21 ന് ആണ് കേസിനാസ്പദമായ സംഭവം . തീരദേശ പൊലീസ് എസ് ഐ കെ പി രാജീവ്കുമാറിന്റെ നേതൃത്വത്തിൽ കടലിൽ തെരച്ചിൽ നടത്തുന്നതിനിടയിലായിരുന്നു . സംഭവം . രേഖകളിൽ സംശയം തോന്നിയതിനെ തുടർന്നാണ് ബോട്ട് കസ്റ്റഡിയിലെടുത്തത് . പിടിയിലായ ബോട്ടിൽ തീരദേശ പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഘു , സുധീഷ് എന്നിവർ കയറുകയും മഞ്ചേശ്വരം ഹാർബറിലേക്ക് അടുപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . ഹാർബറിൽ എത്താൻ ചെറിയ ദൂരം മാത്രം ബാക്കിയിരിക്കെ പൊലീസുകാരുമായി ബോട്ട് കടലിലേക്ക് മടങ്ങി . ബോട്ടിൽ ഉണ്ടായിരുന്നവർ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും യൂണിഫോം അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . മണിക്കൂറുകൾ കഴിഞ്ഞാണ് ബോട്ട് പണമ്പൂർ ഹാർബറിൽ എത്തിയത് . എന്നിട്ടും പൊലീസുകാരെ കരയിൽ ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞു വെച്ചുവെന്നാണ് കേസ് . പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് പൊലീസുകാരെ വിട്ടയച്ചത് .

