ഫുട്ബോൾ താരത്തിന്റെ മരണം: 4 പേരെ പൊലീസ് ചോദ്യം ചെയ്തു

തൃക്കരിപ്പൂർ: അടിപിടിയിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ഫുട്ബോൾ താരം തൃക്കരിപ്പൂർ കൊയങ്കരയിലെ കെ.അഭിജിത്തിനെ(ജിത്തു–24) പിന്നീട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നു വീട്ടുകാർ നൽകിയ പരാതിയിൽ 4 പേരെ ചന്തേര പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് അടിപിടിൽ അഭിജിത്തിനു തലയ്ക്കും മറ്റും പരുക്കേറ്റത്. തൃക്കരിപ്പൂരിലും പിന്നീടു പയ്യന്നൂരിലുമുള്ള ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം രാത്രി വൈകി വീട്ടിലെത്തിയ യുവാവ് ചൊവ്വാഴ്ച പുലർച്ചെ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ സംശയവും ദുരൂഹതയും പ്രകടിപ്പിച്ചു കുടുംബം പരാതി നൽകുകയുണ്ടായി. സിഐ ജി.പി.മനുരാജിന്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം നടത്തിയതിനെ തുടർന്നാണ് 4 പേരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും.

