KSDLIVENEWS

Real news for everyone

ഇനി വളർത്തുമൃഗങ്ങൾക്കും ഹോട്ടലുകളിൽ ‘സ്വാഗതം’: അബുദാബിയിൽ നിയമപരിഷ്‌കാരം

SHARE THIS ON

അബുദാബി: അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇനി മുതൽ വളർത്തുമൃഗങ്ങളുമായി പ്രവേശിക്കാം. ഇതുസംബന്ധിച്ച നിലവിലുള്ള നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ട് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് (ഡിഎംടി) ഉത്തരവിറക്കി. വളർത്തുമൃഗങ്ങളുമായി പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഏറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.

പൊതുജനാരോഗ്യം, ക്രമസമാധാനം, മൃഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട 2012-ലെ രണ്ടാം നമ്പർ നിയമത്തിലാണ് ഭരണകൂടം മാറ്റം വരുത്തിയത്. ഇതോടെ ടൂറിസം ലൈസൻസുള്ള ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഉടമസ്ഥരോടൊപ്പം എത്തുന്ന പൂച്ചകൾ, നായ്ക്കൾ തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് പ്രവേശനം നൽകാൻ അനുമതി ലഭിച്ചു. മുൻപ് സർവീസ് മൃഗങ്ങൾക്ക് (ഉദാഹരണത്തിന് കാഴ്ചപരിമിതിയുള്ളവർക്ക് സഹായം നൽകുന്ന നായ്ക്കൾ) മാത്രമായിരുന്നു ഇത്തരത്തിൽ പ്രവേശനമുണ്ടായിരുന്നത്.  വളർത്തുമൃഗങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക ഇടങ്ങൾ
വളർത്തുമൃഗങ്ങൾക്കായി ഹോട്ടലുകളിൽ പ്രത്യേക ഇടങ്ങൾ മാറ്റിവയ്ക്കണം. പ്രധാനമായും തുറസ്സായ സ്ഥലങ്ങൾ, ബാൽക്കണികൾ, ഔട്ട്‌ഡോർ സീറ്റിങ്ങുകൾ എന്നിവിടങ്ങളിലാണ് ഇവർക്ക് സൗകര്യം ഒരുക്കേണ്ടത്.

ഇൻഡോർ സൗകര്യങ്ങൾ
ഹോട്ടലുകളുടെ നയമനുസരിച്ച് അകത്തളങ്ങളിൽ സൗകര്യം ഒരുക്കുന്നുണ്ടെങ്കിൽ, അവിടെ മറ്റ് അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണം.

ആരോഗ്യ സുരക്ഷ
 പൊതുജനാരോഗ്യത്തെ ബാധിക്കാത്ത രീതിയിലായിരിക്കണം മൃഗങ്ങളെ പരിപാലിക്കേണ്ടത്. മൃഗങ്ങളുടെ ക്ഷേമവും അതിഥികളുടെ സൗകര്യവും ഒരുപോലെ ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്.

വളർത്തുമൃഗങ്ങളെ കുടുംബാംഗങ്ങളെപ്പോലെ കരുതുന്നവർക്ക് അവരുടെ പ്രിയപ്പെട്ടവരോടൊപ്പം ഹോട്ടലുകളിൽ സമയം ചെലവഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. നഗരത്തിന്റെ ടൂറിസം മേഖലയ്ക്ക് ഈ മാറ്റം വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!