പോലീസ് മടങ്ങി; ഗാസിപ്പുര്‍ സമരവേദി ഇന്ന് ഒഴിപ്പിക്കില്ലെന്ന് സൂചന

ന്യൂഡൽഹി: ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുനിന്ന് പോലീസും കേന്ദ്രസേനയും മടങ്ങി. ഇന്ന് കർഷകരെ സമരഭൂമിയിൽനിന്ന് ഒഴിപ്പിച്ചേക്കില്ല. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കർഷകർക്ക് പോലീസ് നിർദേശം നൽകിയിരുന്നത്. എന്നാൽ സമരഭൂമിയിൽനിന്ന് മടങ്ങില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയായിരുന്നു.
വൻപോലീസ് സന്നാഹമായിരുന്നു ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നത്. ജില്ല മജിസ്ട്രേട്ട് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും പ്രദേശത്ത് എത്തിയിരുന്നു.
അതേസമയം പോലീസ് അനുവദിച്ച സമയപരിധി അവസാനിച്ചതിനു പിന്നാലെ പടിഞ്ഞാറൻ ഉത്തർ പ്രദേശിൽനിന്നും മറ്റും നൂറുകണക്കിന് കർഷകർ സമരവേദിയിലേക്ക് എത്തിച്ചേർന്നിരുന്നു. സ്ത്രീകളും പ്രായമായവരും സമരവേദിയിൽ എത്തിയവരിൽ ഉൾപ്പെടുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ കൂടുതൽ കർഷകർ പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നും എത്തിച്ചേരുമെന്നാണ് സൂചന. കൊടുംതണുപ്പിനെയും അതിജീവിച്ച് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കർഷകർ.
സമരഭൂമി വിടണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി തന്നെ ജില്ലാ ഭരണകൂടം ഗാസിപ്പുരിലെ കർഷകർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കർഷകർ ഇതിന് തയ്യാറായില്ല. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ പ്രദേശത്ത് പോലീസ് സന്നാഹം ശക്തിപ്പെടുത്തി. വൈകീട്ടോടെ സമരഭൂമിയിൽ പ്രവേശിച്ച പോലീസ് കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെന്റിന് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിക്കുള്ളിൽ ഒഴിഞ്ഞില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസിന്റെ മുന്നറിയിപ്പ്. എന്നാൽ പോലീസ് നടപടിയുണ്ടായാൽ അതിനെ നേരിടുമെന്നും വെടിവെച്ചാലും സമരവേദിയിൽ നിന്ന് മാറില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. യു.പി. പോലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

