ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും,കളക്ടർ ഡോ: സജിത് ബാബു

കാസർകോട്: ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെയാണെങ്കിലും സ്കൂളുകൾ, മലയോരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ടി വരുമെന്ന് കളക്ടർ സജിത് ബാബു ഐ.ഇ.സി. കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് മലയോരത്ത് ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് നടപ്പാക്കാമെന്ന് കൊറോണ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. വാർഡ്തല ജാഗ്രതാ സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണം. വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന എല്ലാ യോഗങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാനും യോഗത്തിൽ തീരുമാനമായി.
84 പേർക്ക് കോവിഡ്
കാഞ്ഞങ്ങാട്: 84 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേർക്കാണ് വ്യാഴാഴ്ച നെഗറ്റീവായത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26174 ആയി. 889 പേർ ചികിത്സയിലും 5851 പേർ നിരീക്ഷണത്തിലും കഴിയുന്നു. 272 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം, നന്നേ പ്രായമുള്ളവരും നിത്യരോഗികളുമായവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കിൽനിന്നൊഴിവാക്കുകയാണ് ആരോഗ്യവകുപ്പ്.
ഇതനുസരിച്ച് നൂറിൽതാഴെപ്പേർ മരിച്ചവെന്നാണ് സർക്കാർ കണക്ക്. 1802 സാമ്പിൾകൂടി പരിശോധനയ്ക്കയച്ചു. 370-പേരുടെ ഫലം വരാനുണ്ട്.

