ചെങ്കോട്ടയിലെത്താന്‍ പ്രക്ഷോഭകരെ അനുവദിച്ചത് എന്തിന് ? തടയാമായിരുന്നില്ലേ ? – രാഹുല്‍

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കർഷക സംഘടനകൾ പോലീസിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ പരോക്ഷ വിമർശവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്.
ചെങ്കോട്ടയിൽ പ്രവേശിക്കാൻ പ്രക്ഷോഭകരെ അനുവദിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. പ്രക്ഷോഭകരെ തടയാതിരുന്നത് എന്തുകൊണ്ടാണ് ? ചെങ്കോട്ടയിലേക്ക് പ്രക്ഷോഭകരെ കടത്തിവിട്ടത് എന്തിനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കാർഷിക നിയമങ്ങൾ പിൻവലിക്കുകയും അവ ചവറ്റുകൊട്ടയിൽ എറിയുകയും ചെയ്യുക എന്നതാണ് പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം. അല്ലാത്തപക്ഷം കർഷകർ വീടുകളിലേക്ക് തിരിച്ചുപോകുമെന്ന് കേന്ദ്ര സർക്കാർ കരുതേണ്ട. സംഘർഷം വ്യാപിക്കുമോ എന്നതാണ് തന്റെ ആശങ്ക. അങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തിൽ പോലീസിന് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെട്ടിരുന്നു. പോലീസിന്റെ സഹായമില്ലാതെ പ്രതിഷേധക്കാർക്ക് ചെങ്കോട്ടയിൽ എത്താനാവില്ലെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമൊള്ള ചൂണ്ടിക്കാട്ടിയിരുന്നു. അതീവ സുരക്ഷയുള്ള ചെങ്കോട്ടയിൽ ഡൽഹി പോലീസിന്റെയോ സുരക്ഷാ സേനയുടെയോ സഹായമില്ലാതെ കൊടിനാട്ടാൻ ആവില്ലെന്ന് കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെയും നേരത്തെ പറഞ്ഞിരുന്നു.

