ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലേക്ക്; ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും

പട്‌ന: നീതീഷ് കുമാറിന്റെ കൂടുമാറ്റം സൃഷ്ടിച്ച മുന്നണി പ്രതിസന്ധികള്‍ക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിലേക്ക്. വിവിധ ഇന്‍ഡ്യ മുന്നണി നേതാക്കള്‍ യാത്രയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ഇന്നും നാളെയുമാണ് യാത്ര ബിഹാറില്‍ പര്യടനം നടത്തുക. ബിഹാറിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം 31ന് വീണ്ടും പശ്ചിമ ബംഗാളിലേക്ക് യാത്ര തിരിച്ചെത്തും. നിതീഷ് കുമാര്‍ മുന്നണി വിട്ട സാഹചര്യത്തില്‍ മറ്റ് പാര്‍ട്ടി നേതാക്കളെ റാലികളില്‍ ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതോടൊപ്പം ബിജെപി വിരുദ്ധ ചെറുപാര്‍ട്ടികളെയും യാത്രയുടെ ഭാഗമാക്കി ഇന്‍ഡ്യ മുന്നണിയുടെ ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. യാത്രയുടെ ഭാഗമായി പൂര്‍ണിയില്‍ കോണ്‍ഗ്രസ് മഹാറാലി സംഘടിപ്പിക്കും. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവര്‍ യാത്രയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. കൂടാതെ സിപിഎം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളെയും യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ വീണ്ടും പര്യടനം ആരംഭിച്ച യാത്ര പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ നിന്നാണ് തുടങ്ങിയത്. കാല്‍ നടയായും ബസിലുമായിരുന്നു യാത്ര. കോണ്‍ഗ്രസ്- തൃണമൂല്‍ പടലപ്പിണക്കങ്ങള്‍ക്കിടെയാണ് ബംഗാളില്‍ യാത്ര പുരോഗമിക്കുന്നത്. യാത്രയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

