KSDLIVENEWS

Real news for everyone

അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ്; ആറു മാസത്തിനിടെ  ജില്ലയിൽ നിന്ന് അരക്കോടി പിഴ

SHARE THIS ON

കാസർകോട്: അനധികൃത മത്സ്യബന്ധനത്തിനെതിരെ ആറു മാസത്തിനിടെ അരക്കോടി രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്. മഞ്ചേശ്വരം തീരത്തോട് ചേർന്ന് നൈറ്റ് ട്രോളിങ് നടത്തിയ കർണാടക ബോട്ട് ഫിഷറീസ് ഡിപ്പാർട്ട്മെന്റും കുമ്പള, ബേക്കൽ, തൃക്കരിപ്പൂർ, കോസ്റ്റൽ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പട്രോളിങ്ങിലാണ് പിടിയിലായത്. കടൽതീരത്തു നിന്ന് 12 നോട്ടിക്കൽ മൈലിൽ ട്രോളിങ് നടത്തുന്നതിനു യന്ത്രവത്കൃത ബോട്ടുകൾക്ക് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം അനുവാദമില്ല. യന്ത്രവത്കൃത ബോട്ടുകളുടെ അനധികൃത മത്സ്യബന്ധനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയാണ്. അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവാൻ തന്നെയാണ് ഡിപ്പാർട്ട്മെന്റ് തീരുമാനമെടുത്തിരിക്കുന്നതെന്നും കഴിഞ്ഞ ആറുമാസത്തിനിടയിൽ ജില്ലയിൽ നിന്നു പിഴയിനത്തിൽ മാത്രമായി 50ലക്ഷം രൂപ സർക്കാറിലേക്ക് കെട്ടിയതായി കാസർകോട് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു. കർണാടക രജിസ്ട്രേഷനുള്ള ശാലോം മോർണിങ് സ്റ്റാർ വി എന്ന ബോട്ടാണ് മഞ്ചേശ്വരം ഷിറിയ കടപ്പുറത്തു നിന്ന് 10.4 ഫാത്തം ആഴത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 8.30ന് പിടികൂടിയത്. കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമ പ്രകാരം 2.5 ലക്ഷം രൂപ പിഴ ഡെപ്യൂട്ടി ഡയറക്ടർ ബോട്ട് ഉടമയിൽ നിന്ന് ഈടാക്കി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പ്രീതയുടെ നിർദേശപ്രകാരം കുമ്പള മത്സ്യഭവൻ ഓഫിസർ ഷിനാസ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസറുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ അർജുൻ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബേക്കൽ സി.പി.ഒ സജിത്ത്, എ.എസ്.സി.പി.ഒ പവിത്രൻ, കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.പി.ഒ സനൂപ്, കോസ്റ്റൽ വാർഡൻ രൂപേഷ്, തൃക്കരിപ്പൂർ കോസ്റ്റൽ എ.എസ്.ഐ രാജ്മോഹൻ, സി.പി.ഒ സുഭാഷ്, റസ്ക്യൂ ഗാർഡുമാരായ ധനീഷ്, അജീഷ്, ഡ്രൈവർ നാരായണൻ, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!