KSDLIVENEWS

Real news for everyone

ഇസ്രയേൽ ചാര സംഘടനയായ മൊസാദുമായി ബന്ധം; ഇറാനില്‍ നാലുപേരുടെ വധശിക്ഷ നടപ്പാക്കി

SHARE THIS ON

തെഹ്‌റാൻ: ഇസ്രായേല്‍ ഇന്റലിജൻസിനായി ചാരവൃത്തി നടത്തിയ നാലുപേരുടെ വധശിക്ഷ ഇറാൻ നടപ്പാക്കി. ഇവരുടെ അപ്പീല്‍ ഇറാൻ സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിനായി ഉപകരണങ്ങള്‍ നിർമിക്കുന്ന ഇസ്ഫഹാനിലെ ഫാകട്‌റിയില്‍ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടു എന്നതാണ് ഇവർക്കെതിരായ കുറ്റം. ഇറാഖിലെ കുർദിസ്ഥാൻ മേഖലയില്‍നിന്നാണ് ഇവർ ഇറാനിലേക്ക് കടന്നത്. മുഹമ്മദ് ഫറാമർസി, മുഹ്‌സിൻ മസ്‌ലൗം, വഫ അസർബാർ, പെജ്മാൻ ഫതേഹി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. 2022 ജൂലൈയിലാണ് ഇവർ ഇറാൻ ഇന്റലിജൻസിന്റെ പിടിയിലായത്. ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ നിർദേശപ്രകാരമാണ് ഇവർ സ്‌ഫോടനത്തിന് പദ്ധതിയിട്ടതെന്നാണ് ഇറാൻ ആരോപിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍ മൊസാദിന്റെ നേതൃത്വത്തില്‍ ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കോടതി വധശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!