പിണറായി കാലങ്ങളായുള്ള നല്ല സുഹൃത്ത്, വിമർശിക്കുമ്പോൾ മിതത്വം അൽപം കൂടും-കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കാലങ്ങളായുള്ള നല്ല സുഹൃത്താണെന്നും സുഹൃത്തിനെ വിമർശിക്കുമ്പോൾ മിതത്വം അൽപം കൂടി കൂടുമെന്നും മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. വിമർശനങ്ങളിൽ പൊതുവെ ഞാൻ മിതത്വം പാലിക്കുന്ന ആളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ നിശാന്ത് എം.വിയുമായി ‘കുഞ്ഞാപ്പ ഒരു രാഷ്ട്രീയ സുഹൃത്ത്’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസിച്ചവരെ ലീഗ് സംരക്ഷിക്കുമെന്നതിന്റെ തെളിവായിരുന്നു എം.വി.രാഘവന്റേതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എമ്മിൽ ഞങ്ങളുടെ പേരിൽ ഉണ്ടായ വലിയ പ്രശ്നമാണ് ബദൽ രേഖ. അതിന്റെ ഭാഗമായി എം.വി രാഘവനെ പുറത്താക്കി. അദ്ദേഹത്തിന് ഞങ്ങൾ സീറ്റു മാറിക്കൊടുത്ത് ജയിപ്പിച്ച് മന്ത്രിയുമാക്കി. സ്ഥാനങ്ങൾക്കുവേണ്ടി ലീഗ് നോമ്പു നോറ്റിരിക്കില്ല. എല്ലാ നിരീക്ഷകരും ഒരുപോലെ പറയുന്നത് ലീഗ് വളരുന്നു എന്നാണ്. ലീഗിന് നേരത്തെ തന്നെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമൊക്കെ ഉണ്ടായിരുന്നു.
ഇക്കുറി സീറ്റുകളിൽ വിട്ടുവീഴ്ച്ച ഉണ്ടാവാം. അവസാന ഘട്ടത്തിലേ അത്തരം തീരുമാനങ്ങൾ ഉണ്ടാവൂ. എല്ലാ കാര്യവും പാണക്കാട്ട് തങ്ങൾ തീരുമാനിക്കും എന്നത് ഒരു ആരോപണമല്ലല്ലോ. അത് ഞങ്ങളുടെ കരുത്തല്ലേ. ചർച്ചക്ക് ശേഷം നേതാവ് തീരുമാനം പറയും. അത് ജനാധിപത്യപരമാണ്. ഒരു വനിതാ എം.എൽ.എ: വൈകാതെ ഉണ്ടാവും. നേരത്തേയും മത്സരിപ്പിച്ചിരുന്നു. ഇനിയും കുറേ വനിതകൾ വളർന്നു വരുന്നുണ്ട്. കേരളം വ്യവസായ സൗഹൃദമാണെന്ന സർക്കാരിന്റെ അവകാശവാദം നിഷേധിക്കേണ്ട കാര്യമില്ല. കേരളം എന്നും അങ്ങനെയായിരുന്നു. അവരാണ് ഇപ്പോൾ മാറിയത്.
അവരുടെ മനോഭാവം നേരത്തേത്തന്നെ മാറിയിരുന്നെങ്കിൽ കേരളത്തിൽ ഇതിലും വലിയ മാറ്റമുണ്ടാവുമായിരുന്നു. ഒരു കാലത്തും കാണാത്ത അതിവേഗ പരിവർത്തനമാണ് ഈ നൂറ്റാണ്ടിൽ ഉണ്ടായത്-കുഞ്ഞാലിക്കുട്ടി പറഞ്ഞു വിനോദങ്ങൾക്കൊന്നും സമയം കിട്ടാറില്ലെന്നും കിട്ടുമ്പോൾ പ്രകൃതിയെ ആസ്വദിക്കുമെന്നും കുഞ്ഞാലിക്കുട്ടി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൃഷി, തോട്ടം ഒക്കെ നോക്കും. മുമ്പൊക്കെ പന്തുകളിക്കാൻ പോയിരുന്നു-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

