KSDLIVENEWS

Real news for everyone

രാത്രിയും ചുട്ടുപൊള്ളുന്നു; നാട് കൊടുംവേനലിന്റെ പടിക്കല്‍, 12 ജില്ലകളില്‍ മഞ്ഞ ജാഗ്രത

SHARE THIS ON

ആലപ്പുഴ: വരാനിരിക്കുന്ന കൊടുംവേനലിന്റെ സൂചന നല്‍കി കേരളത്തില്‍ പകലിനൊപ്പം രാത്രിയും ചുട്ടുപൊള്ളുന്നു. രാജ്യത്ത് പകല്‍ ഏറ്റവും കൂടുതല്‍ ചൂട് ചൊവ്വാഴ്ച കോട്ടയത്ത് (38.5 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തിയിരുന്നു. ബുധനാഴ്ച പത്തനംതിട്ട ജില്ലയിലെ പല സ്ഥലങ്ങളിലും 40 ഡിഗ്രി രേഖപ്പെടുത്തിയതായും പറയുന്നു. കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ കണക്കുപ്രകാരം ചൊവ്വാഴ്ചരാത്രിയില്‍ കോഴിക്കോട്ട് 31 ഡിഗ്രി ചൂടാണു രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ചൊവ്വാഴ്ചരാത്രിയില്‍ 28.2 ഡിഗ്രിയും കൊച്ചിയില്‍ 29 ഡിഗ്രിയും രേഖപ്പെടുത്തി. ഉയര്‍ന്ന താപനിലയെത്തുടര്‍ന്ന് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ മാര്‍ച്ചിലാണു രാത്രിച്ചൂട് കൂടിത്തുടങ്ങുക. ഇത്തവണയതു നേരത്തേയായി. മാര്‍ച്ച് തുടക്കത്തോടെ കേരളത്തില്‍ കടുത്ത വേനലെത്താനാണു സാധ്യതയെന്നും മഴ കിട്ടിയില്ലെങ്കില്‍ ചൂടു കടുക്കുമെന്നും കാലാവസ്ഥാനിരീക്ഷകന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. രാത്രിയിലെ മേഘം മൂടിയ അന്തരീക്ഷം താപനില കൂട്ടുന്നു. അന്തരീക്ഷത്തിന്റെ മധ്യനിരയിലെ ഈര്‍പ്പംമൂലം രൂപംകൊള്ളുന്ന നീരാവിയും രാത്രിച്ചൂടു കൂട്ടുന്നു. അതുകാരണം യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. മാര്‍ച്ച് ഒന്നുവരെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും പകല്‍ താപനില ഉയരുമെന്നാണു കാലാവസ്ഥാവകുപ്പു പറയുന്നത്. ഇതു സാധാരണയെക്കാള്‍ നാലു ഡിഗ്രി വരെ കൂടുതലാണ്. മലയോരമേഖല ഒഴിച്ചുള്ള സ്ഥലങ്ങളില്‍ കഠിനമായ ചൂടും അസ്വസ്ഥതയും ഉണ്ടാകുമെന്നും വെയിലത്തു പുറത്തിറങ്ങരുതെന്നും കാലാവസ്ഥാവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!