ഗാസയില്‍ കൊടും പട്ടിണി, ക്ഷാമം; വിശപ്പടക്കാന്‍ വഴിയില്ലാതെ ഫലസ്തീൻകാർ; യു എൻ സഹായം തടയുന്നതായി ആരോപണം

ഗാസാ സിറ്റി: ”കുട്ടികളുടെ പശിയടക്കാൻ ആ കുതിരകളെ കശാപ്പുചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. വിശപ്പ് ഞങ്ങളെ കൊല്ലുകയാണ്”. കുതിരയിറച്ചിയിൽ കുറച്ചരിയിട്ട് വേവിച്ച് ഉറ്റവരുടെ വിശപ്പകറ്റാൻ ശ്രമിച്ചു തളർന്ന് അബു ജിബ്രിൽ വാർത്താ ഏജൻസിയായ എ.എഫ്.പി.യോടു പറഞ്ഞു.
വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാമ്പിൽ ഒരു തമ്പിലാണ് അബുവും കുടുംബവും. കഴുകാനും കുടിക്കാനുമുള്ളത് മലിനജലം, വല്ലപ്പോഴും വന്നുപോകുന്ന വൈദ്യുതി. തിങ്ങിഞെരുങ്ങിക്കഴിയുന്ന ജനം. 1948-ൽ 1.4 ചതുരശ്ര കിലോമീറ്ററിൽ ഐക്യരാഷ്ട്രസഭ പണിതുണ്ടാക്കിയ ഈ അഭയാർഥി ക്യാമ്പിലെ സ്ഥിതി അതിദയനീയം. ഒക്ടോബർ ഏഴിന് ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങുംമുമ്പ് ഒരുലക്ഷത്തിലേറെപ്പേരുണ്ടായിരുന്നു ഇവിടെ.
അടുത്തുള്ള ബെയ്ത്ത് ഹനൂനിൽനിന്നാണ് അറുപതുകാരനായ അബു ജിബ്രിലും കുടുംബവും ജബലിയയിലെത്തിയത്. യുദ്ധത്തിൽ ജീവനുംകൊണ്ടോടിയതാണ്. ആകെയുണ്ടായിരുന്ന ഇത്തിരി നിലമൊരുക്കാൻ തുണയായിരുന്ന രണ്ടു കുതിരകളെ ആ പലായനത്തിലും കൈവിട്ടില്ല. പഞ്ഞകാലത്ത് അതുപകരിച്ചു.
വടക്കൻ ഗാസയിൽ ആഹാരം തീരുകയാണ്. നിരന്തരം വീഴുന്ന ബോംബുകൾക്കിടയിലൂടെ സഹായമെത്തിക്കാൻ യു. എൻ. ഏജൻസികൾക്കാകുന്നില്ല. ആഹാരസാധനങ്ങളുമായി ഇടയ്ക്കെത്തുന്ന ട്രക്കുകൾ പരവശരായ ജനം കൊള്ളയടിക്കുന്നു.
ഗാസ സിറ്റിയിലെ ആശുപത്രിയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് പോഷകാഹരക്കുറവിനാൽ വെള്ളിയാഴ്ച മരിച്ചു.
ഏഴു ഷെക്കലുണ്ടായിരുന്ന (160 രൂപ) ഒരു കിലോഗ്രാം അരിക്ക് ഇപ്പോൾ വില 55 ഷെക്കൽ (1264 രൂപ). പട്ടിണി?യിൽ ചീഞ്ഞ ചോളവും കാലിത്തീറ്റയും ഇലകളുംവരെ തിന്നുന്നു നാട്ടുകാർ.
ക്ഷാമം അരികെ
ജനുവരി 23 മുതൽ ഒരു സന്നദ്ധസംഘടനയ്ക്കും വടക്കൻ ഗാസയിൽ സഹായമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടത്തെ 5.76 ലക്ഷം പേർ ക്ഷാമത്തിന്റെ വക്കിലാണെന്ന് ജീവകാരുണ്യസഹായ വിതരണം ഏകോപിപ്പിക്കുന്ന യു.എൻ. ഓഫീസ് (ഓച) പറഞ്ഞു.
രണ്ടുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ ആറിലൊരാൾ കടുത്ത പോഷകാഹാരക്കുറവു നേരിടുന്നു. ഗാസയിലെ 97 ശതമാനം ഭൂഗർഭജലവും മലിനം. വൈകാതെ ഗാസയിലെ ശിശുമരണങ്ങൾ കുത്തനെ ഉയരുമെന്ന് യൂണിസെഫ് മുന്നറിയിപ്പു നൽകുന്നു.
15,000 ടൺ ആഹാരസാധനങ്ങളുമായി ഗാസയിലേക്കു പുറപ്പെടാൻ തയ്യാറായി 1000 ട്രക്കുകൾ ഈജിപ്തിൽ കിടപ്പുണ്ട്. എന്നാൽ, ഇവ ഗാസയിലെത്തുന്നത് ഇസ്രയേൽ തടയുകയാണെന്ന് ഓച വക്താവ് ജെൻസ് ലാർകെ. ആരോപണം ഇസ്രയേൽ നിഷേധിച്ചു. വിവിധ രാജ്യങ്ങൾ സാഹയധനം നൽകാത്തതിനാൽ പലസ്തീൻകാർക്കു വേണ്ടിയുള്ള യു.എൻ. ഏജൻസിയായ ഉന്റയുടെ പ്രവർത്തനം താറുമാറായതും ഗാസയിലെ ദുരിതത്തിനു കാരണമാണ്.

