കോവിഡ് കിടക്കയിൽ ബെംഗളൂരു; ഓരോ മണിക്കൂറിലും 700 പേർ വീതം പോസിറ്റീവ്

ബെംഗളൂരു ∙ കോവിഡ് ബാധിതർ 7 ലക്ഷം കടന്ന ബെംഗളൂരു നഗരത്തിൽ ഓരോ മണിക്കൂറിലും പോസിറ്റീവാകുന്നത് 700 പേർ വീതം. നഗരത്തിലെ 16 പേരിൽ കോവിഡ് വൈറസിന്റെ ഇരട്ട വ്യതിയാന വകഭേദം ( ബി.1.617) കൂടി സ്ഥിരീകരിച്ചതോടെ സ്ഥിതി ഇനിയും രൂക്ഷമാകുമോ എന്ന് ആശങ്കയുണ്ട്. കോവിഡിന്റെ 34 വകഭേദങ്ങൾ നേരത്തെ തന്നെ ഇവിടെ കണ്ടെത്തിയിരുന്നു. ഒരു ചതുരശ്ര കിലോമീറ്റർ പരിധിയിൽ നിലവിൽ 300 കോവിഡ് ബാധിതരാണുള്ളത്. ആശുപത്രികളിൽ ഓക്സിജൻ, തീവ്രപരിചരണ, വെന്റിലേറ്റർ കിടക്കകൾ ലഭിക്കാതെ വന്നതോടെ പലരും ചികിത്സയ്ക്കായി മൈസൂരു, ഹുബ്ബള്ളി നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്നലെ മാത്രം 22,596 പേരാണു ബെംഗളൂരുവിൽ പോസിറ്റീവായത്. 137 പേർ മരിച്ചു. നഗരത്തിലെ ആകെ പോസിറ്റീവ് 710347.കർണാടകയിലെ മൂന്നു ലക്ഷത്തിലേറെയുള്ള കോവിഡ് ബാധിതരിൽ 2 ലക്ഷത്തിലധികവും ബെംഗളൂരുവിലാണ്. മരണ സംഖ്യയും കൂടുകയാണ്. മേയ് അവസാന വാരത്തോടെ കർണാടകയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11 ലക്ഷമായി ഉയരുമെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) മുന്നറിയിപ്പു നൽകിയിട്ടുള്ളത്. മേയ് 12 വരെ ലോക്ഡൗണിനു സമാനമായ അടച്ചിടൽ നടപ്പാക്കിയിട്ടും സ്ഥിതി നിയന്ത്രിക്കാനായിട്ടില്ല. നഗരപരിധിയിലെ 7 ശ്മശാനങ്ങൾ കോവിഡ് മൃതദേഹങ്ങൾക്കായി മാറ്റിവച്ചെങ്കിലും സംസ്കാരം നടത്താൻ വേണ്ടി ദിവസം മുഴുവൻ കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്. ഔദ്യോഗിക കണക്കിലുള്ളതിനേക്കാൾ കൂടുതൽ കോവിഡ് മൃതദേഹങ്ങൾ എത്തിത്തുടങ്ങിയതോടെ നഗര പ്രാന്തത്തിലെ 2 ശ്മശാനങ്ങൾ കൂടി കഴിഞ്ഞ ദിവസം കോർപറേഷൻ ഏറ്റെടുത്തിരുന്നു. Content Highlights: Bengaluru Covid surge

