കോവിഡ് പ്രതിരോധം: ഇന്ത്യക്ക് സഹായവുമായി ന്യൂസീലന്‍ഡ്; പത്തുലക്ഷം ഡോളര്‍ നല്‍കും

വെല്ലിങ്ടൺ: കോവിഡ് രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്ക് സഹായഹസ്തവുമായി ന്യൂസീലൻഡ്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ദ റെഡ് ക്രോസ്(ഐ.എഫ്.ആർ.സി.) വഴിയാണ് സഹായമെത്തിക്കുക.
ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം ന്യൂസീലൻഡ് ഡോളർ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ദ റെഡ് ക്രോസി(ഐ.എഫ്.ആർ.സി.)ന് കൈമാറും. ന്യൂസീലൻഡ് വിദേശകാര്യ മന്ത്രി നനൈയ മഹൂതയാണ് ഇക്കാര്യം അറിയിച്ചത്.
ഈ ദുരിതകാലത്ത് ന്യൂസീലൻഡ് ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് മഹൂത പറഞ്ഞു. ജീവനുകൾ രക്ഷിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന ഇന്ത്യയിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
കോവിഡ് രോഗബാധിതർക്ക് ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസൺട്രേറ്ററുകൾ, മറ്റ് ചികിത്സാസാമഗ്രികൾ എന്നിവ ലഭ്യമാക്കാൻ ഐ.ഐഫ്.ആർ.സി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി നേരിട്ട് സഹകരിക്കുന്നുണ്ട്.
ആവശ്യക്കാർക്ക് ആംബുലൻസ്, രക്തദാനം, പി.പി.ഇ. കിറ്റുകൾ തുടങ്ങിയവ നൽകി ഇന്ത്യയിലെ അടിയന്തര പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ ഐ.എഫ്.ആർ.സി. ആലോചിക്കുന്നുണ്ട്.

