സ്വര്‍ണ്ണക്കടത്ത് കേസ് : പ്രതികള്‍ 21 തവണ സ്വര്‍ണ്ണം കടത്തിയെന്നതിന് തെളിവില്ല, തെളിവുകള്‍ ഹാജരാക്കാന്‍ ഇ ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിചാരണക്കോടതി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ 21 തവണ സ്വര്‍ണ്ണം കടത്തിയെന്നതിന് തെളിവില്ലെന്ന് വിചാരണക്കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്നും തെളിവുകള്‍ ഹാജരാക്കാന്‍ ഇ ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നും മൂന്നും പ്രതികളായ സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുള്ള എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിലാണ് ശ്രദ്ധേയമായ നിരീക്ഷണം.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സരിത്ത് ,സന്ദീപ് നായര്‍ എന്നീ പ്രതികള്‍ക്ക് ഇന്നലെയായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.കുറ്റപത്രം സമര്‍പ്പിക്കുകയും അന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നുവെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.കൂടാതെ കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 20 തവണ പ്രതികള്‍ സ്വര്‍ണ്ണം കടത്തിയെന്നും ഇരുപത്തൊന്നാം തവണ സ്വര്‍ണ്ണക്കടത്തിന് ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്നും ഇ ഡി യ്ക്ക് മൊഴി ലഭിച്ചിട്ടുണ്ട്. കേവലം കുറ്റസമ്മത മൊഴി മാത്രമാണിത്. ഇതിന് മറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ ഇ ഡി യ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല 21-ാം തവണ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയതിനാല്‍ ഇതുപയോഗിച്ച് സ്വത്ത് സമ്ബാദിക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിട്ടില്ല.അതിനാല്‍ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. സ്വര്‍ണ്ണക്കടത്തിന് തെളിവെവിടെ എന്ന് നേരത്തെ പല ഉത്തരവുകളിലും കോടതി ചോദിച്ചിരുന്നു. മാത്രമല്ല, കേസന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതി സന്ദീപ് നായര്‍ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്കാന് ഇഡി ഉദ്യോഗസ്ഥന് സമ്മര്‍ദ്ദം ചെലുത്തിയെന്നാരോപിച്ച് സന്ദീപ് നായര്‍ എറണാകുളം ജില്ല സെഷന്‍സ് ജഡ്ജിക്ക് പരാതി അയച്ചിരുന്നു.പരാതി അടുത്ത മാസം കോടതി പരിഗണിക്കാനിരിക്കെയാണ് സ്വര്‍ണ്ണക്കടത്തിന് തെളിവ് ഹാജരാക്കാന്‍ ഇഡിയ്ക്ക് കഴിഞ്ഞില്ലെന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിരീക്ഷണം എന്നതും ശ്രദ്ധേയമാണ്.

