KSDLIVENEWS

Real news for everyone

കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ മൃതദേഹം ചുമട്ടുകാരെ കൊണ്ട് താഴെയിറക്കേണ്ടി വന്ന സംഭവം: ജഡ്‌ജ്‌ ആശുപത്രി സന്ദര്‍ശിച്ചു; ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പ്

SHARE THIS ON

കാസര്‍കോട്: ജെനറല്‍ ആശുപത്രിയില്‍ മൃതദേഹം ചുമട്ടുകാരെ കൊണ്ട് താഴെയിറക്കേണ്ടി വന്ന സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും കാസര്‍കോട് സബ് ജഡ്‌ജുമായ ബി കരുണാകരന്‍ ആശുപത്രി സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെയാണ് ജഡ്‌ജ്‌ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച്‌ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കൂടി നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയതെന്ന് സബ് ജഡ്‌ജ്‌ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാര്യങ്ങള്‍ ഇവിടെ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇല്ലെങ്കില്‍ സ്വമേധയാ കേസെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിഫ്റ്റ് കേടായി ഒരു മാസം കഴിഞ്ഞിട്ടും പരിഹരിക്കാത്തതിനെ കുറിച്ച്‌ സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ട ജില്ലാ ജഡ്‌ജ്‌ ശനിയാഴ്ച വൈകുന്നേരത്തിനകം അടിയന്തിര റിപോര്‍ട് സമര്‍പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേടായ ലിഫ്റ്റ് ശരിയാക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ശരിയാക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. രാജാ റാം സബ് ജഡ്‌ജിനോട് വിശദീകരിച്ചത്. കേരളത്തില്‍ ഒരിടത്തും ഇല്ലാത്ത രീതിയിലാണ് റാംപ് പോലും ഇല്ലാതെ കാസര്‍കോട് ജെനറല്‍ ആശുപത്രിക്കായി കെട്ടിടം നിര്‍മിച്ചിട്ടുള്ളതെന്ന വിമര്‍ശനം വ്യാപകമാണ്. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പ് അടക്കം കുറ്റകരമായ അനാസ്ഥയാണ് കാട്ടിയിട്ടുള്ളതെന്നാണ് ആക്ഷേപം. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ റാംപ് ഇല്ലാത്ത വിഷയം പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും അടക്കമുള്ളവര്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ലിഫ്റ്റ് വഴി എല്ലാ കാര്യങ്ങളും നടത്താന്‍ കഴിയുമെന്ന വിശദീകരണമാണ് നല്‍കിയതെന്ന് ഇവര്‍ പറയുന്നു. താഴത്തെ നിലയില്‍ സ്ഥാപിക്കേണ്ട ഓപറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനകോളജി വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. റാംപ് സംവിധാനം ഇല്ലാത്തതിനാല്‍ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതും ഇത്തരത്തില്‍ ചുമന്ന് കൊണ്ടുതന്നെയാണ്. മിക്ക കാര്യങ്ങളിലും അധികൃതരുടെ ഉദാസീനതയും അലംഭാവവുമാണ് പ്രകടമാകുന്നതെന്നാണ് പൊതുപ്രവര്‍ത്തകര്‍ പറയുന്നത്. ഒരാഴ്ച കൊണ്ട് ലിഫ്റ്റ് തകരാര്‍ പരിഹരിക്കാമായിരുന്നിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ട് പോവുകയാണ് അധികൃതര്‍ ചെയ്തതെന്നും ഇതിന്റെയെല്ലാം പരിണിത ഫലമാണ് കഴിഞ്ഞ ദിവസം ചുമട്ടുകാരെ കൊണ്ട് മൃതദേഹം താഴെയിറക്കേണ്ട സാഹചര്യം ഉണ്ടായതെന്നുമാണ് ആരോപണം. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ചയെങ്കിലും ഇത് ശരിയാക്കാന്‍ എടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാര്‍ഡ് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ എത്തിയിരുന്നു. പുതിയ ലിഫ്റ്റ് ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മറ്റൊരു രോഗിയെ ഇത്തരത്തില്‍ ചുമന്ന് താഴെ ഇറക്കിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ഹെല്‍ത് സര്‍വീസ് ഡയറക്ടറോട് (DHS) റിപോര്‍ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു. മന്ത്രി മടങ്ങി പോയതിന്റെ ചൂടാറും മുമ്ബാണ് ചുമട്ടുകാരെ കൊണ്ടുവന്ന് മൃതദേഹം താഴെയിറക്കിയ സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!