KSDLIVENEWS

Real news for everyone

കണ്ണൂരിനെ പാൽക്കടലാക്കി SSF ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി റാലി

SHARE THIS ON

കണ്ണൂര്‍ | ധാര്‍മിക വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനത്തെ നെഞ്ചേറ്റുന്ന ജനലക്ഷങ്ങള്‍ കണ്ണൂരില്‍ തൂവെള്ളക്കടല്‍ തീര്‍ക്കുന്നു.

എസ് എസ് എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമാകാനാണ് നാടിന്റെ നാനാ ഭാഗത്ത് നിന്നും അവര്‍ കണ്ണൂരിന്റെ മണ്ണിലെത്തിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് ഒന്നര ലക്ഷത്തോളം പ്രവര്‍ത്തകരാണ് സംഗമിക്കുന്നത്. കേരളത്തിലെ സുന്നി നേതൃത്വമാകെ സമ്മേളനത്തിന്റെ ഭാഗമാകാനെത്തിയിട്ടുണ്ട്. അമ്ബത് വര്‍ഷത്തെ പോരാട്ടവീര്യവുമായി കണ്ണൂരില്‍ ഇന്ന് എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനം സമാപിക്കുമ്ബോള്‍ അത് ചരിത്രമായി മാറും. സംഘടനയുടെ കരുത്ത് തെളിയിക്കുന്നതും പുതിയ കര്‍മപഥത്തിലേക്കുള്ള ഊര്‍ജവുമാകും.

“നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനം കൂടിയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി കണ്ണൂരില്‍ നടന്നുവന്നത്. സമ്മേളനത്തിന്റെ ഭാഗമായി അഞ്ച് വേദികളിലായി നടന്ന അമ്ബത് സെഷനുകള്‍ പുതുമയാര്‍ന്നതും പ്രൗഢവുമായിരുന്നു.

ഒന്നര ലക്ഷം പേര്‍ അണിനിരന്ന കൂറ്റന്‍ വിദ്യാര്‍ഥി റാലിയോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. വൈകിട്ട് നാലിന് കണ്ണൂര്‍ പ്രഭാത് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റാലി പൊതുസമ്മേളനം നടക്കുന്ന ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ഐന്‍ ടീം വളണ്ടിയര്‍മാര്‍ റാലിക്ക് പ്രൗഢിയേകി.

സംസ്ഥാനത്തെ 630 ഡിവിഷനുകളില്‍ നിന്നായി 51 വീതം വളണ്ടിയര്‍മാരാണ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തോടെ കര്‍മരംഗത്തിറങ്ങുന്നത്. ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബൂ ഹനീഫല്‍ ഫൈസി തെന്നല, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, ഫിര്‍ദൗസ് സുറൈജി സഖാഫി, സി ആര്‍ കെ മുഹമ്മദ്, നിസാര്‍ സഖാഫി, സക്കരിയ്യ ശാമില്‍ ഇര്‍ഫാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ പതിനാല് ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്നലെ നടന്ന സെഷനുകളില്‍ “വിദ്യാര്‍ഥി, വിപ്ലവം വിചാരം’ എന്ന വിഷയത്തില്‍ സി എന്‍ ജഅ്ഫര്‍, “അല്‍ ഇമാറ നേതൃത്വത്തിന്റെ രസതന്ത്രം’ എന്ന വിഷയത്തില്‍ സി ആര്‍ കെ മുഹമ്മദ്, സി കെ നജ്മുദ്ദീന്‍, “ഉണ്‍മയിലലിഞ്ഞ്’ എന്ന സെഷനില്‍ കെ വൈ നിസാമുദ്ദീന്‍ ഫാളിലി കാമില്‍ സഖാഫി, “അക്ഷരങ്ങളാകുക വിപ്ലവമാകുക’ എന്ന വിഷയത്തില്‍ ടി എ അലി അക്ബര്‍, “ഓണ്‍ലൈന്‍ കോഴ്‌സുകളുടെ ലോകം’ എന്ന വിഷയത്തില്‍ കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ “സംഘാടനത്തിലെ കല’യെ കുറിച്ച്‌ അബ്ദുല്ല വടകര, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, “ഭൂപടങ്ങളില്‍ ഒതുങ്ങാത്ത ദേശങ്ങള്‍’ എന്ന വിഷയത്തില്‍ സുഹൈറുദ്ദീന്‍ നൂറാനി, “ആകാശം അതിരല്ല’ എന്ന വിഷയത്തില്‍ ഫിര്‍ദൗസ് സുറൈജി സഖാഫി സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!