ബസില്‍ മധ്യവയസ്കന്റെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് യുവതി

കണ്ണൂര്‍: സ്വകാര്യ ബസില്‍ മധ്യവയസ്കന്റെ നഗ്നതാ പ്രദര്‍ശനം. ചെറുപുഴ – തളിപ്പറമ്ബ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം നടക്കുന്നത്. ബസ് നിര്‍ത്തിയിട്ട ശേഷം ജീവനക്കാര്‍ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. ഈ സമയം മാസ്ക് ധരിച്ച ഒരു മധ്യവയസ്കൻ ബസില്‍ കയറി യുവതിക്ക് അഭിമുഖമായി ഇരുന്നു. ശേഷം ശബ്ദമുണ്ടാക്കി ശ്രദ്ധ ആകര്‍ഷിച്ച ശേഷം നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ആദ്യം ഭയന്ന പെണ്‍കുട്ടി ഇത് തന്റെ മൊബൈലില്‍ പകര്‍ത്തി. മൊബൈലില്‍ പകര്‍ത്തുന്നത് കണ്ടിട്ടും ഇയാള്‍ നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. ഈ സമയം ബസ് ജീവനക്കാര്‍ തിരിച്ചെത്തിയതോടെ ഇയാള്‍ ഉടൻ ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ജീവനക്കാരോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞതോടെ ഇവര്‍ ബസ് സ്റ്റാൻഡില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.