KSDLIVENEWS

Real news for everyone

ചെന്നൈയുടെ ബാറ്റിങ്ങിനിടെ വില്ലനായി മഴ, മത്സരം നിര്‍ത്തിവെച്ചു

SHARE THIS ON

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ വില്ലനായി വീണ്ടും മഴ. ചെന്നൈ സൂപ്പര്‍ കിങ്‌സ് മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് മഴ പെയ്തത്. ആദ്യ മൂന്ന് പന്തുകള്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ മഴ പെയ്യുകയായിരുന്നു. ചെന്നൈ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സെടുത്തിട്ടുണ്ട്. ഋതുരാജ് ഗെയ്ക്‌വാദും ഡെവോണ്‍ കോണ്‍വെയുമാണ് ക്രീസില്‍. ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 96 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഐ.പി.എല്‍ ഫൈനലിലെ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ച് കളിച്ചു. ഇരുവരെയും ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ദീപക് ചാഹര്‍ പാഴാക്കി. ഗില്ലും സാഹയും ഒരുപോലെ അടിച്ചുതകര്‍ത്തപ്പോള്‍ ചെന്നൈ ക്യാമ്പില്‍ ആശങ്ക പരന്നു. ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ഗില്ലും സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്. എന്നാല്‍ രവീന്ദ്ര ജഡേജയെ കൊണ്ടുവന്ന് ധോനി ഈ കൂട്ടുകെട്ട് പൊളിച്ചു. ജഡേജയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഗില്ലിനെ ധോനി സ്റ്റംപ് ചെയ്ത് പുറത്താക്കി. ധോനിയുടെ മിന്നല്‍ സ്റ്റംപിങ്ങില്‍ 20 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത് ഗില്‍ ക്രീസ് വിട്ടു. ഗില്ലിന് പകരം സായ് സുദര്‍ശന്‍ ക്രീസിലെത്തി. സുദര്‍ശനെ കാഴ്ചക്കാരനാക്കി സാഹ അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് 11.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. 12.3 ഓവറില്‍ സാഹ അര്‍ധസെഞ്ചുറി നേടി. 50 റണ്‍സ് മറികടക്കാന്‍ താരത്തിന് 36 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. സുദര്‍ശനും മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഗുജറാത്ത് വീണ്ടും കളിയില്‍ പിടിമുറുക്കി. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ ദീപക് ചാഹര്‍ ചെന്നൈയുടെ രക്ഷകനായി. 14-ാം ഓവറിലെ അവസാന പന്തില്‍ സാഹയെ മടക്കി ചാഹര്‍ രണ്ട് ക്യാച്ച് വിട്ടതിന്റെ കുറ്റബോധം കഴുകിക്കളഞ്ഞു. 39 പന്തില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 54 റണ്‍സെടുത്താണ് സാഹ ക്രീസ് വിട്ടത്. സാഹ മടങ്ങിയതോടെ സായ് സുദര്‍ശന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. അടിച്ചുതകര്‍ത്ത സുദര്‍ശന്‍ വെറും 32 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ സീസണിലെ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. 21 വയസ്സ് മാത്രമാണ് സുദര്‍ശന്റെ പ്രായം. തുഷാര്‍ ദേശ്പാണ്ഡെ ചെയ്ത 17-ാം ഓവറില്‍ തുടര്‍ച്ചയായി ഒരു സിക്‌സും മൂന്ന് ഫോറുമടിച്ച് സുദര്‍ശന്‍ ടോപ് ഗിയറിലായി. പിന്നാലെ ഹാര്‍ദിക്കും ഫോമിലേക്ക് ഉയര്‍ന്നതോടെ മത്സരം ഗുജറാത്തിന്റെ കൈയ്യിലായി. 19 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. അവസാന ഓവറില്‍ പതിരണയെ തുടര്‍ച്ചയായി രണ്ട് സിക്‌സടിച്ച് സായ് സുദര്‍ശന്‍ വ്യക്തിഗത സ്‌കോര്‍ 96-ല്‍ എത്തിച്ചെങ്കിലും മൂന്നാം പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. 47 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും ആറ് സിക്‌സിന്റെയും സഹായത്തോടെ 96 റണ്‍സെടുത്ത സുദര്‍ശന്‍ ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചശേഷമാണ് ക്രീസില്‍ നിന്ന് മടങ്ങിയത്. പിന്നാലെ വന്ന റാഷിദ് ഖാന്‍ റണ്‍സെടുക്കാതെ പുറത്തായി. ഹാര്‍ദിക് 12 പന്തില്‍ 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തുഷാര്‍ ദേശ്പാണ്ഡെ നാലോവറില്‍ 56 റണ്‍സാണ് വിട്ടുകൊടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!