റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ഇസ്രായേല്‍ സൈന്യം; ആശങ്ക പ്രകടിപ്പിച്ച് യു.എൻ രക്ഷാസമിതി
തെല്‍ അവിവ്: തമ്ബുകള്ക്കുമേല് ബോംബിട്ട് നിരവധി പേരെ കൂട്ടക്കൊല ചെയ്തതിനെതിരെ രോഷം ഇരമ്ബിയിട്ടും റഫയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ഇസ്രായേല്‍ സൈന്യം.
മധ്യറഫയിലേക്ക് സൈനിക ടാങ്കുകള്‍ എത്തിച്ചേർന്നതോടെ കൂടുതല്‍ കുരുതികള്‍ നടന്നേക്കുമെന്ന ആശങ്ക വ്യാപകമാണ്. അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കാൻ ഇനിയും വൈകരുതെന്ന് യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
മധ്യ റഫയിലെ അല്‍ അവ്ദ മസ്ജിദിന് സമീപം ഇസ്രായേല്‍ സൈനിക ടാങ്കുകള്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അഭയാർഥികളുടെ താമസ കേന്ദ്രങ്ങള്‍ക്കു നേരെ സൈന്യം വീണ്ടും ആക്രമണം നടത്തി. ലക്ഷക്കണക്കിന് അഭയാർഥികള്‍ തമ്ബടിച്ച തല്‍ അസ്സുല്‍ത്താനില്‍ കര- വ്യോമാക്രമണം തുടർന്ന ഇസ്രായേല്‍ സേന 20 പേരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ സിവില്‍ ഡിഫൻസും റെഡ് ക്രസന്റും അറിയിച്ചു. പുതുതായി ഒരു ബ്രിഗേഡിനെ കൂടി റഫയിലേക്ക് വിന്യസിച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ വ്യാപക ആക്രമണത്തിനൊരുങ്ങുന്നത് അപകടകരമായിരിക്കുമെന്ന് അമേരിക്ക അറിയിത്തു. ഹമാസിനെ അമർച്ച ചെയ്യാൻ സാധാരണക്കാരെ വധിക്കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് വീണ്ടും കർശനമായി ആവശ്യപ്പെട്ടതായി വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു. ഗസ്സയില്‍ അടിയന്തര വെടിനിർത്തല്‍ ഉടൻ വേണമെന്ന് യു.എൻ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. റഫ കൂട്ടക്കുരുതിയില്‍ സുതാര്യ അന്വേഷണം വേണമെന്ന് അമേരിക്കക്കു പുറമെ ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു.
മൂന്നാഴ്ചക്കിടെ 10 ലക്ഷത്തോളം പേർ റഫയില്‍നിന്ന് പലായനം ചെയ്തതായി ഫലസ്തീൻ അഭയാർഥികള്‍ക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു. റഫയിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നായ കുവൈത്ത് സ്പെഷാലിറ്റി ഹോസ്പിറ്റല്‍ അടച്ചുപൂട്ടിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമാണ്. റഫ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ അള്‍ജീരിയയുടെ ആവശ്യം പരിഗണിച്ച് വിളിച്ചുചേർത്ത യു.എൻ രക്ഷാസമിതി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഗസ്സയില്‍ അടിയന്തര വെടിനിർത്തല്‍ വേണമെന്ന അഭിപ്രായം രക്ഷാസമിതിയില്‍ രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അടച്ചിട്ട മുറിയില്‍ നടന്ന രക്ഷാസമിതി യോഗം റഫ ഉള്‍പ്പെടെ ഗസ്സയിലെ സ്ഥിതിഗതികളില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ യൂറോപ്യൻ രാജ്യങ്ങള്‍ ഉടൻ രംഗത്തു വരുമെന്ന് സ്പെയിൻ അറിയിച്ചു.