മലയാളത്തിന്റെ പ്രിയ നടൻ മമ്മുട്ടിയെ നെഞ്ചിലേറ്റി യുഎഇയിലെ അറബ് സമൂഹമാധ്യമ താരങ്ങൾ

ദുബായ് :മലയാളികളുടെ പ്രിയ മമ്മുട്ടിയെ നെഞ്ചിലേറ്റി യുഎഇയിലെ അറബ് സമൂഹമാധ്യമ താരങ്ങൾ. അടുത്തകാലത്തായി യുഎഇയിലെത്തുന്ന മമ്മുട്ടിയെ തേടി അവരെത്തുകയും പരിചയപ്പെടുകയും അഭിമുഖം നടത്തുകയും ചെയ്തു. മമ്മുട്ടിക്കമ്പനിയുടെ പുതിയ ചിത്രമായ ടർബോയുടെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ താരത്തെ കാണാൻ ഓടിയെത്തിയത് പ്രമുഖ ഇൻഫ്ലുവൻസറും സമൂഹമാധ്യമ താരവുമായ ഖാലിദ് അൽ അംറി. കാണുകയും പരിചയപ്പെടുകയും മാത്രമല്ല, മമ്മുട്ടിയുമായി അഭിമുഖം നടത്തുകയുമുണ്ടായി.
അതാണിപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്ന മമ്മുട്ടി ഇന്റർവ്യൂ. ഒഴുക്കോടെ സ്ഫുടമായി മലയാളം പറഞ്ഞ് ശ്രദ്ധ നേടിയ യുഎഇ സ്വദേശിനികളായ നൂറ അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ ഹിലാലും ബാങ്കുദ്യോഗസ്ഥയായ സഹോദരി മറിയം അബ്ദുല്ല അബ്ദുൽ റഹ്മാൻ അൽ ഹിലാലും ദുബായിൽ നടത്തിയ വാർത്താ സമ്മേളന വേദിയിൽ പ്രിയ താരത്തെ കാണാനും കേൾക്കാനുമെത്തി. ഇരുവരെയും കൂടാതെ, യുഎഇ അടക്കമുള്ള ഗൾഫിൽ മമ്മുട്ടിക്കും മോഹൻലാലിനുമെല്ലാം സ്വദേശികളും മറ്റു രാജ്യക്കാരുമായ വൻ ഫാൻസുണ്ട്. ഒടിടിയിൽ മലയാള സിനിമകൾ സജീവമായതോടെ ഇവരുടെ എണ്ണവും വർധിച്ചു. കൂടാതെ, സൂപ്പർതാരങ്ങളുടെ സിനിമകൾ കാണാൻ ഇവർ തിയറ്ററുകളിലുമെത്താറുണ്ട്.”