സിദ്ധാര്‍ഥന്റെ മരണം: പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണറെ കണ്ടു
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സര്‍വകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാര്‍ഥന്റെ മാതാപിതാക്കളായ എം.ആര്‍. ഷീബയും ടി. ജയപ്രകാശും ഗവര്‍ണറെ കണ്ടത്.
പ്രതികള്‍ പ്രാക്ടിക്കല്‍ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച വൈകിട്ട് രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നല്‍കിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി മാതാപിതാക്കള്‍ അറിയിച്ചു. പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കി.
27-ാം തീയതിയിലെ പത്രം കണ്ടപ്പോഴാണ് മനസ്സിലായത്, ജാമ്യം കിട്ടിയ പ്രതികള്‍ക്ക് എല്ലാവര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാനുള്ള അനുമതി കിട്ടിയെന്ന്. കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. കോടതിവിധിയെ മാനിക്കുന്നു. എന്താണ് കോടതി വിധി, അതിനെ സര്‍വകലാശാല എതിര്‍ത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു. സര്‍വകലാശാല ഇതിനെ എതിര്‍ത്തിട്ടില്ല, പകരം അവര്‍ക്ക് കൂട്ടുനിന്നു. പ്രതികള്‍ക്ക് പരീക്ഷയ്ക്ക് ഇരിക്കാന്‍ മതിയായ അറ്റന്‍ഡന്‍സ് ഇല്ല. മൂന്നുമാസം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് പരീക്ഷയ്ക്ക് ആവശ്യമായ അറ്റന്‍ഡന്‍സ് ഒരിക്കലുമില്ല. ഇവരെ യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്യുകയും ഡീബാര്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ ആവശ്യത്തിന് റെക്കോഡുകള്‍ ഇല്ല. ഇതൊന്നുമില്ലാതെ എങ്ങനെ പ്രതികള്‍ക്ക് പരീക്ഷയ്ക്ക് ഹാജരാകാന്‍ കഴിഞ്ഞുവെന്ന് ചോദിച്ചപ്പോള്‍ സര്‍വകലാശാലയ്ക്ക് വ്യക്തമായ മറുപടി ഇല്ലായിരുന്നു. അന്വേഷിക്കട്ടേ എന്നായിരുന്നു അവര്‍ പറഞ്ഞത്. പൂക്കോട് വെറ്ററിനറി കോളേജിലെ ഒരു കൂട്ടം മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒരു കൂട്ടം അധ്യാപകരും ചേര്‍ന്ന് പ്രതികളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം, അവരെ പരീക്ഷ എഴുതിച്ച് അവരുടെ ജീവിതം രക്ഷപ്പെടുത്തണം എന്ന് ശപഥമെടുത്തിരിക്കുകയാണ്. അവരാണ് ഇതിന് പിന്നിലെന്നാണ് മനസ്സിലായത്, സിദ്ധാര്‍ഥന്റെ പിതാവ് മാതൃഭൂമി ഡോട്ട്‌കോമിനോടു പ്രതികരിച്ചു.