KSDLIVENEWS

Real news for everyone

കൂട്ട ശവസംസ്കാരത്തിന് കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി ടെഹ്റാൻ; ‘ഇറാനെ കിഴടക്കാൻ നോക്കുന്നതാണ് അമേരിക്കയുടെ തെറ്റ്, കീഴടങ്ങില്ല’, ട്രംപിനോട് ഖംനഇ

SHARE THIS ON

ടെഹ്റാൻ: വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇറാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും സംസ്കാരച്ചടങ്ങുകള്‍ നടന്നു.

60 പേരുടെ സംസ്കാരമാണ് നടന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുണ്ടായിരുന്ന പ്രധാന നേതാക്കളടക്കം ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. സെൻട്രല്‍ ടെഹ്‌റാനില്‍ ഒഴുകിയെത്തിയ ജനത, ഇറാനിയൻ പതാകകള്‍ കൊണ്ട് പൊതിഞ്ഞ ശവപ്പെട്ടികളും യൂണിഫോമില്‍ മരിച്ച കമാൻഡർമാരുടെ ഛായാചിത്രങ്ങളും ഉയർത്തി തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ടെഹ്റാൻ അക്ഷരാർത്ഥത്തില്‍ കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി. അതിനിടെ ഇറാനെ കീഴടക്കാൻ ശ്രമിക്കുന്നതാണ് അമേരിക്കയോടുള്ള എതിർപ്പെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇ ആവർത്തിച്ചു. ഇറാന്റെ കീഴടങ്ങലിന് ശ്രമിക്കുന്നതാണ് അമേരിക്കയുടെ തെറ്റെന്നും ഇറാൻ ജനത ഒരിക്കലും കീഴടങ്ങില്ല എന്നും പരമോന്നത നേതാവ് വ്യക്തമാക്കി.

വിശദ വിവരങ്ങള്‍

ഇറാൻ പ്രസിഡണ്ടും വിദേശകാര്യ മന്ത്രിയുമടക്കമുള്ള ഉന്നതനേതൃത്വവും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് യാത്രാമൊഴിയേകാൻ തെരുവില്‍ ജനങ്ങള്‍ക്കൊപ്പമെത്തി. 12 ദിവസത്തെ സംഘർഷത്തില്‍ കൊല്ലപ്പെട്ട സൈനിക നേതൃത്വത്തിലുള്ളവരുടെയും ആണവ ശാസ്ത്രജ്ഞരുടെയും പൊതുദർശന, സംസ്കാര ചടങ്ങുകള്‍ ഇറാനിയൻ ജനതയുടെ പോരാട്ട വീര്യത്തിന്‍റെ നേർക്കാഴ്ചയായി. ഇറാൻ സൈനിക മേധാവി മുഹമ്മദ് ബാഗരിയുടെ മൃതദേഹം അദ്ദേഹത്തിനൊപ്പം കൊല്ലപ്പെട്ട ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമാണ് സംസ്കരിച്ചത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ നട്ടെല്ലായിരുന്ന ജനറല്‍ ഹുസൈൻ സലാമി, അമീർ അലി ഹജിസാദെ, ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് മെഹ്‍ദി എന്നിവരുടെ മൃതദേഹങ്ങളും സംസ്കരിച്ചു. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖംനഇയുടെ ഉപദേഷ്ടാവ് റിയർ അഡ്മിറല്‍ അലി ശംഖാനി ചടങ്ങുകളില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇറാൻ ഖുദ്സ് സേനയുടെ കമാനഡർ സർദാർ ഇസ്മയില്‍ ഖാനിയുടെ സാന്നിധ്യവും ശ്രദ്ധയാകർഷിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നേതൃത്വത്തില്‍ തന്നെയുള്ള ഇവരടക്കമുള്ളവർ ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടത്.

അതിനിടെ ഇസ്രയേലിന്‍റെയും അമേരിക്കയുടെയും ആക്രമണങ്ങള്‍ക്കുള്ള ഇറാന്റെ തിരിച്ചടിയെ വാഴ്ത്തിയും ഇരു രാജ്യങ്ങളെയും പരിഹസിച്ചും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇറാന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഓടിപ്പോയി അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ സഹായം തേടുകയായിരുന്നുവെന്നാണ് പരിഹാസം. മറ്റ് വഴികളില്ലാതെ ഇസ്രയേല്‍ ‘രക്ഷതേടി ഡാഡിയുടെ അടുത്തേക്ക് ഓടുകയായിരുന്നു’വെന്നും ഇസ്രായേലിന് വേറെ വഴിയില്ലായിരുന്നുവെന്നും അരാഗ്ചി പരിഹസിച്ചു. ഇസ്രയേല്‍ ഇനിയും പ്രകോപിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ തീരുമാനം മറന്ന് ഇറാന്‍ അതിന്റെ യഥാര്‍ഥ ശക്തി കാണിക്കാന്‍ മടിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമമായ ‘എക്‌സി’ലൂടെയായിരുന്നു അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!