KSDLIVENEWS

Real news for everyone

ഗസ്സയിൽ ഉടനടി യുദ്ധം അവസാനിപ്പിക്കുക; ഇസ്രായേലിൽ പ്രതിഷേധവുമായി പതിനായിരങ്ങൾ

SHARE THIS ON

തെൽ അവിവ്: ഗസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തെൽ അവിവിലെ ഹോസ്റ്റേജസ് സ്‌ക്വയറിൽ പതിനായിരക്കണക്കിന് പേർ അണിനിരന്ന യുദ്ധവിരുദ്ധ പ്രതിഷേധം നടന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറത്തിന്റെ കണക്കനുസരിച്ച് 30,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ‘അവരെ വീട്ടിലേക്ക് കൊണ്ടുവരിക’ എന്ന് എഴുതിയ ബന്ദികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബോർഡുകളുമാണ് പ്രധാനമായും പ്രതിഷേധക്കാർ ഉയർത്തിയത്.

ഇസ്രായേലിന്റെ ഗസ്സയിലെ വംശഹത്യ യുദ്ധം അവസാനിപ്പിക്കുകയും ഇസ്രായേലി സൈന്യത്തെ പിൻവലിക്കുകയും ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ചെയ്താൽ ഇസ്രായേലി ബന്ദികളെ മുഴുവനായി മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭാഗികമായ കരാറുകളിൽ ഉറച്ചുനിൽക്കുകയും ഫലസ്തീൻ വിഭാഗങ്ങളുടെ നിരായുധീകരണം ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി കരാറിൽ ഒപ്പിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

നെതന്യാഹു നിലവിൽ തന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കും അധികാരത്തിലുള്ള പിടി നിലനിർത്തുന്നതിനുമായി ഗസ്സയിൽ വീണ്ടും യുദ്ധം തുടരുന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇസ്രായേലി പ്രതിപക്ഷം ആരോപിക്കുന്നു. ഗസ്സയിൽ 50 ഇസ്രായേലി ബന്ദികൾ ഉണ്ടെന്നാണ് തെൽ അവിവ് കണക്കാക്കുന്നത്. അതിൽ 20 പേർ ജീവനോടെയുണ്ട്. 10,400 ൽ അധികം ഫലസ്തീനികൾ ഇസ്രായേലി ജയിലുകളിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. പീഡനം, പട്ടിണി എന്നിവയാൽ നിരവധി പേർ മരിച്ചതായി ഫലസ്തീൻ, ഇസ്രായേലി മനുഷ്യാവകാശ, മാധ്യമ റിപ്പോർട്ടുകളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!