യു എ ഇയിലെ പ്രളയത്തിൽ ആറു പ്രവാസികള്‍ളുടെ മരണം സ്ഥിരീകരിച്ചതായി അഭ്യന്തര മന്ത്രാലയം

ഷാര്‍ജ: യു എ ഇയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ആറുപേര്‍ മരിച്ചതായി സ്ഥിരീകരണം. റാസല്‍ ഖൈമ, ശാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലായാണ് ഏഷ്യക്കാരായ ആറ് പ്രവാസികള്‍ മരിച്ചതായി യു എ ഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദുരന്ത നിവാരണ സേന നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായ ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദുരിതബാധിത എമിറേറ്റുകളില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് എം ഒ ഐ ഫെഡറല്‍ സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലേം അല്‍ തുനൈജി പറഞ്ഞു. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ വെള്ളം കയറുകയോ ചെയ്തവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ 80 ശതമാനം ആളുകളും ഇവിടങ്ങളിലേക്ക് തിരിച്ചെത്തി എന്നതാണ് നല്ല കാര്യം. ദുരിത ബാധിത പ്രദേശങ്ങള്‍ ഉടന്‍ സാധാരണ നിലയിലാക്കാന്‍ ടീമുകള്‍ക്ക് കഴിയുമെന്നും പല സ്ഥലങ്ങളിലും ചില റോഡുകള്‍ തുറന്നിട്ടുണ്ടെന്നും അല്‍ തുനൈജി പറഞ്ഞു.
ഫുജൈറ എമിറേറ്റിനെയും ഖോര്ഫക്കാന് നഗരത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് മാത്രമേയുള്ളൂ. ഈ റോഡ് നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

