അവനെ ഞങ്ങള്‍ കൈകാര്യംചെയ്യാം’, രോഷാകുലരായി ജനം; ചുറ്റും മൂന്ന് കല്ല്, മൃതദേഹത്തില്‍ മുറിവുകള്‍

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഷ്ഫാഖ് അസ്ലം കുറ്റംസമ്മതിച്ചതായി പോലീസ്. എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കൂടുതല്‍വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയായ അഷ്ഫാഖ് അസ്ലം ബിഹാര്‍ സ്വദേശിയാണ്. ഇയാള്‍ കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം കിട്ടിയിരുന്നു. വെള്ളിയാഴ്ച രാത്രി 9.30-ഓടെ ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, ആ സമയം പ്രതി ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. രാത്രി മുഴുവന്‍ ചോദ്യംചെയ്തു. പരസ്പരവിരുദ്ധമായ പലതും പ്രതി പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്നടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ അന്വേഷിച്ചുവരികയാണെന്നും കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
കേസില്‍ അന്വേഷത്തിനായി പ്രത്യേക പോലീസ് സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ആലുവ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണം. 22-ാം തീയതിയാണ് പ്രതി ആലുവയിലെത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് ചുറ്റും മൂന്നുകല്ലുകള്വെച്ച് മൂടിയനിലയിലായിരുന്നു. മൃതദേഹത്തില്‍ ചില പരിക്കുകളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയ്ക്കാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ സംശയം
. വെള്ളിയാഴ്ച ആറുമണിയോടെ മറ്റൊരിടത്ത് പ്രതി അടിപിടിയുണ്ടാക്കിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണ്.
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം | ഫോട്ടോ: ശിഹാബുദ്ദീന് തങ്ങള്‍/ മാതൃഭൂമി
സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെപേരെ ചോദ്യംചെയ്യുന്നതായാണ് പോലീസ് പറയുന്നത്. പ്രതി നേരത്തെ നല്കിയ മൊഴിയനുസരിച്ച് സക്കീര്‍ എന്നയാള്‍ ഉണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, കുട്ടിയെ കൊലപ്പെടുത്തിയ പ്രതി അഷ്ഫാഖ് അസ്ലമിനെ പ്രതിയെ മാര്‍ക്കറ്റിലെത്തിച്ചപ്പോള്‍ വന്‍പ്രതിഷേധമാണുയര്‍ന്നത്. രോഷാകുലരായ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളും പോലീസ് ജീപ്പ് വളഞ്ഞു. പ്രതിയെ തങ്ങള്‍ക്ക് കൈകാര്യം ചെയ്യണമെന്ന് പറഞ്ഞായിരുന്നു നാട്ടുകാര്‍ പോലീസ് വാഹനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. ‘നിയമത്തിന് ചെയ്യാന്‍ പറ്റാത്തത് ഞങ്ങള്‍ ചെയ്യാം’ എന്നായിരുന്നു കൂട്ടത്തിലൊരാളുടെ പ്രതികരണം. ‘പൊറോട്ടയോ ഇറച്ചിയോ എന്തെങ്കിലും മേടിച്ച് കൊടുക്ക്, നിയമത്തിന്റെ മുന്നില്‍ അവന് സുഖസുന്ദരമായി ജീവിക്കും. ഇവന് നല്ല ഫുഡ് ഒക്കെ അടിച്ച് നല്ലതാവും. വേറെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല’, ‘, മറ്റൊരാള്‍ രോഷത്തോടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ആലുവ ചൂര്‍ണിക്കര പഞ്ചായത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളായ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടില്‍നിന്ന് കാണാതായത്.
പ്രതിയായ അഷ്ഫാഖ് പെണ്‍കുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയില്‍ രണ്ടുദിവസം മുന്‍പാണ് താമസത്തിനെത്തിയത്. സ്കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍നിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. കടയില്‍നിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയില്‍പാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് പോയ പ്രതി, ഇവിടെനിന്ന് ബസില്‍ കയറി. തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി ആലുവ ബസ് സ്റ്റാന്‍ഡിലെത്തി. എന്നാല്‍, ഇവിടെനിന്ന് കുട്ടിയെ എവിടേക്ക് കൊണ്ടുപോയി എന്നതില്‍ വ്യക്തതയില്ലായിരുന്നു.
പ്രതിയായ അഷ്ഫാഖിനെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ലഹരിയിലായതിനാല്‍ ഇയാളില്‍നിന്ന് വ്യക്തമായ മൊഴികളൊന്നും ലഭിച്ചിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ലഹരി വിട്ടതോടെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ പറഞ്ഞത്. പ്രതിയുടെ മൊഴിയനുസരിച്ച് ഇയാളുടെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, അന്വേഷണത്തില്‍ ഇയാളുടെ മൊഴി തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നീടാണ് പ്രതി കുറ്റസമ്മതം നടത്തിയത്

