കൻവാര്‍ യാത്ര; മുസ്ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം

ലക്‌നോ: കൻവാർ യാത്ര കടന്നുപോകുന്ന വഴികളില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ റോഡുകളില്‍ വീണ്ടും നിയന്ത്രണം.
ഉത്തർ പ്രദേശില്‍ ഗാസിയാബാദിലെ റോഡുകളില്‍ ഗതാഗത നിയന്ത്രണം വർധിപ്പിച്ചു. തങ്ങളെ ഇടിച്ചിട്ടെന്ന് ആരോപിച്ച് യു പിയിലെ മുറാദ്‌നഗറില്‍ കൻവാർ തീർഥാടകർ വാഹനം തകർത്ത സംഭവത്തെ തുടർന്നാണ് നടപടി.
സംഘർഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദിന് പുറമെ യു പിയിലെ മറ്റ് ജില്ലകളിലും സുരക്ഷ ശക്തമാക്കിയതായി പോലീസ് കമ്മീഷണർ അജയ് കുമാർ മിശ്ര പറഞ്ഞു. നിലവില്‍ മോദിനഗറിലെ കദ്രാബാദ് ഗ്രാമത്തില്‍ നിന്ന് മീറ്റ് റോഡ് ട്രൈസെക്്ഷൻ, മോഹൻ നഗർ, ലോണി റോഡ്, ലിങ്ക് റോഡ് ഉള്‍പ്പെടെയുള്ള യു പി- ഡല്‍ഹി അതിർത്തിയിലേക്കുള്ള ഗാസിയാബാദ് ജില്ലയുടെ പ്രധാന സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിണ്ട്.
ഗാസിയാബാദിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
അക്രമികളെ കൈകാര്യം ചെയ്യുന്നതിന് പകരം അവർക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് പോലീസും ഭരണകൂടവും ചെയ്യുന്നതെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമം പരിപാലിക്കുന്നതിനും സർക്കാർ ഒരു സന്തുലിത മാർഗം കണ്ടെത്തണമെന്നും സമൂഹ മാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
അതേസമയം യു പിയിലെ മുസഫർനഗർ, സഹാറൻപൂർ, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ഭീതി വർധിച്ചിട്ടുണ്ട്.
അതിനിടെ, ഉത്തർ പ്രദേശില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട വിവേചനങ്ങളില്‍ സുപ്രീം കോടതി ശക്തമായ താക്കീത് നല്‍കിയിരുന്നു. യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ ഭക്ഷണശാലകളുടെ പുറത്ത് ഉടമകളുടെ പേരുകള്‍ പ്രദർശിപ്പിക്കുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി അടുത്ത മാസം അഞ്ചിലേക്ക് നീട്ടിയതിനെ മുസ്‌ലിം വ്യാപാരികള്‍ സ്വാഗതം ചെയ്തു.
ഉത്തർ പ്രദേശിലെ മുസഫർനഗർ ജില്ലയിലെ കൻവാർ യാത്രാ വഴിയിലുള്ള ഭക്ഷണശാലകളിലെ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട് പോലീസ് നിർദേശം നല്‍കിയിരുന്നു.

