KSDLIVENEWS

Real news for everyone

ഭിന്നശേഷിക്കുട്ടികൾക്ക് പ്രത്യേക അധ്യാപകർ; സുപ്രീംകോടതിവിധി നടപ്പാക്കാതെ കേരളം

SHARE THIS ON

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സ്കൂളുകളിൽ ഭിന്നശേഷിക്കുട്ടികളെ പഠിപ്പിക്കാൻ സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമിക്കാതെ സംസ്ഥാന സർക്കാർ. ‘എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം’ പാഠ്യപദ്ധതി സമീപനമായി പ്രഖ്യാപിച്ചിരിക്കേയാണ് ഈ അലംഭാവം.

ഉത്തർപ്രദേശിലെ ഒരു കേസ് പരിഗണിച്ച് 2021 ഒക്ടോബറിലായിരുന്നു സുപ്രീംകോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.


എല്ലാ സംസ്ഥാനങ്ങളും വിദ്യാലയങ്ങളിൽ സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. നടപടി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.

എന്നാൽ, കേരളം ഇതിൽ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. നിയമം നടപ്പാക്കാത്തതിൽ നിയമസഭാ സമിതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

2022-23 അധ്യയനവർഷം പ്രീ പ്രൈമറിമുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളിലായി ഒന്നരലക്ഷത്തോളം ഭിന്നശേഷിയുള്ള കുട്ടികൾ ഉണ്ടായിരുന്നു. ഈവർഷം 1.60 ലക്ഷം പേരുണ്ടെന്നാണ് പ്രാഥമികവിലയിരുത്തൽ.

നിലവിൽ 2886 സ്പെഷ്യൽ എജുക്കേറ്റർമാരാണുള്ളത്. സമഗ്രശിക്ഷാ കേരളയുടെകീഴിൽ കരാർ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം.

സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചതനുസരിച്ച് 9300 സ്പെഷ്യൽ എജുക്കേറ്റർമാർവേണം. ഇന്ത്യൻ റീഹാബിലിറ്റേഷൻ കൗൺസിലിൽ രജിസ്റ്റർചെയ്ത 8249 അധ്യാപകരുണ്ടെങ്കിലും നിയമനത്തിന് നടപടിയില്ല.

തസ്തിക സൃഷ്ടിച്ചില്ല

പ്രൈമറിതലത്തിൽ അഞ്ചുകുട്ടിക്ക് ഒരാളും സെക്കൻഡറിയിൽ പത്തുപേർക്ക് ഒരാളുമെന്നനിലയിൽ അധ്യാപകർവേണമെന്നാണ്‌ ഭിന്നശേഷി അവകാശനിയമത്തിലെ വ്യവസ്ഥ. എന്നാൽ രണ്ടും മൂന്നും സ്കൂളിന് ഒരാളെന്നനിലയിലാണ് നിലവിലെ നിയമനം. ജോലിഭാരം കൂടുതലായതിനാൽ ഭിന്നശേഷിവിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധനൽകാൻ അവർക്കാവുന്നില്ല.

സ്‌കൂളിൽ സ്പെഷ്യൽ എജുക്കേറ്റർ എന്ന തസ്തികതന്നെ സൃഷ്ടിച്ചിട്ടില്ല. അതിനാൽ, താത്‌കാലിക നിയമനവും നടക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!