പെരിങ്കടിയില്‍ കടലാക്രമണം ഭയാനകം; 5 വൈദ്യുത പോസ്റ്റുകള്‍ കടലെടുത്തു, 20 ഓളം പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും അപകട നിലയില്‍, വഴിയും വെളിച്ചവുമില്ലാതെ തീരദേശവാസികള്‍

കാസർകോട്: കടലാക്രമണം രൂക്ഷമായ ഉപ്പള പെരിങ്കടിയിൽ ചൊവ്വാഴ്‌ച ഉച്ചയോടെ അതിരൂക്ഷമായ കടൽക്ഷോഭത്തിൽ അഞ്ച് വൈദ്യുത പോസ്റ്റുകൾ കടലെടുത്തു. പെരിങ്കടി മുതൽ മുട്ടം വരെ 20 ഓളം പോസ്റ്റുകൾ ഏത് നിമിഷവും കടലിൽ പതിക്കുമെന്ന നിലയിലാണ്. ട്രാൻസ്ഫോർമറും ഇവിടെയുണ്ട്. അതും അപകട ഭീഷണി നേരിടുന്നു. പെരിങ്കടി കടപ്പുറത്ത് 50 ഓളം കുടുംബങ്ങൾ വഴിയും വൈദ്യുതിയുമില്ലാതെ ആശങ്കയോടെ കഴിയുകയാണ്.
പെരിങ്കടിയിൽ നിന്ന് മുട്ടത്തേക്കുള്ള റോഡ് കഴിഞ്ഞ ദിവസം തിരമാലയിൽ തകർന്ന് റോഡിൽ നിന്ന് സ്ഥലം പൂർണമായി മുറിഞ്ഞ് പോയിരിക്കുകയാണ്. കടലാക്രമണത്തെ നേരിടാൻ നേരത്തെ നാട്ടുകാർ പൂഴി നിറച്ച ചാക്കുകൾ കടപ്പുറത്ത് അട്ടിവച്ചിരുന്നെങ്കിലും അതിന്റെ അടയാളം പോലും കടൽ ബാക്കി വച്ചിട്ടില്ല. വഴിയും വെളിച്ചമില്ലാതെ എന്തുചെയ്യണമെന്ന തീരുമാനമെടുക്കാൻ പോലും കഴിയാതെ തീരദേശവാസികൾ വിഷമിക്കുകയാണ്. അധികൃതരിൽ ചിലർ കടപ്പുറത്തുവന്ന് അതിലെ ഇതിലെ നടന്നുപോകുന്നതൊഴിച്ചാൽ നടപടിയൊന്നും ഉണ്ടാവാത്തതിൽ തീരദേശനിവാസികൾ വിഷമത്തോടൊപ്പം അമർഷം പ്രകടിപ്പിക്കുന്നു.