ദേശീയപാത ഇരട്ടിപ്പിക്കൽ മണ്ണും കല്ലും കിട്ടാനില്ല; ദേശീയപാത 2026-ൽ പൂർണ്ണമായും തുറക്കില്ല

തിരുവനന്തപുരം: മണ്ണും കല്ലും കിട്ടാത്തതോടെ തിരുവനന്തപുരം -കാസർകോട് ദേശീയപാത-66 വികസനം വൈകും. 2026-ന് മുമ്പ് പണി പൂർത്തിയാക്കി പൂർണമായും തുറക്കാനാണ് തീരുമാനിച്ചിരുന്നത്. നിലവിൽ അഞ്ചുറീച്ചുകൾ മാത്രമാണ് തുറക്കാനായത്. 20 റീച്ചുകളിലെ നിർമാണജോലികളാണ് വൈകുന്നത്.
തടസ്സങ്ങൾകാരണം ഇപ്പോൾ തമിഴ്‌നാട്ടിൽനിന്ന് നിർമാണവസ്തുക്കൾ കൊണ്ടുവരാൻ കഴിയുന്നില്ല. തെക്കൻ ജില്ലകളിലാണ് വൻപ്രതിസന്ധി. സർക്കാർഭൂമിയിലുള്ള ക്വാറികളിൽ കല്ലും മണ്ണും ഖനനം നടത്താനുള്ള അവകാശം വേണമെന്ന് അറിയിച്ചിട്ടും സർക്കാരിൽനിന്ന് അറിയിപ്പൊന്നുമുണ്ടായില്ലെന്ന് ദേശീയപാത അധികൃതർ പറയുന്നു. ഫയൽ ഇപ്പോൾ റവന്യൂവകുപ്പിന്റെ പക്കലാണ്. കഴിഞ്ഞദിവസം നടന്ന യോഗത്തിൽ റവന്യൂവകുപ്പിന്റെ ചില ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാമെന്ന് സർക്കാർ, ദേശീയപാത അതോറിറ്റിക്ക് ഉറപ്പുനൽകിയിരുന്നു.
പുതിയ പാതകൾ: നഷ്ടപരിഹാരം കുറയും
പുതിയ ദേശീയപാതകളുടെ വികസനത്തിനായി ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ദേശീയപാത 66-നോട് തുല്യമാകില്ല. നിലവിലുള്ള ദേശീയപാത, 66 ആറുവരിയായി വികസിപ്പിച്ചപ്പോൾ അതിനടുത്ത് താമസിച്ചവർക്ക് നല്ലതുക നഷ്ടപരിഹാരം ലഭിച്ചിരുന്നു. റോഡരികിലായതിനാൽ സ്ഥലങ്ങൾക്ക് മികച്ച വിപണിവിലയുണ്ടായിരുന്നു. അതിനാലാണ് മികച്ച നഷ്ടപരിഹാരം ലഭിച്ചത്. ഇനി നിർമിക്കുക പുതിയ പാതകളായതിനാൽ തുക കുറയുമെന്ന് ദേശീയപാത അധികൃതർ പറയുന്നു. സ്ഥലംവിട്ടുനൽകുന്നവർക്ക് വിപണിവിലയുടെ ഇരട്ടിനഷ്ടപരിഹാരം ലഭിക്കും. എങ്കിലും ദേശീയപാത 66-ന് കിട്ടിയ നഷ്ടപരിഹാരത്തിനടുത്ത് എത്തില്ല.
മാനദണ്ഡങ്ങൾ പഴയപ്രകാരമാണെങ്കിലും സ്ഥലവില കുറഞ്ഞിരിക്കുന്നതാണ് നഷ്ടപരിഹാരം കുറയുന്നത്. എന്നാൽ, പൊളിക്കുന്ന കെട്ടിടങ്ങളുടെ വില ദേശീയപാത 66-ന് കൊടുത്തതുപോലെയാകും. കെട്ടിടങ്ങളുടെ കാലപ്പഴക്കം നോക്കി വില നിർണയിക്കരുതെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം യോജിച്ചിട്ടുണ്ട്.
പാലക്കാട്-കോഴിക്കോട്, പുളിമാത്ത്-അങ്കമാലി, തിരുവനന്തപുരം ഔട്ടർറിങ് റോഡ്, കൊല്ലം-ചെങ്കോട്ട, എറണാകുളം ബൈപ്പാസ്, കൊച്ചി-തേനി എന്നീ പാതകളാണ് കേരളത്തിൽ ദേശീയപാതാ അതോറിറ്റി പുതുതായി നിർമിക്കുന്നത്. സ്ഥലമേറ്റെടുപ്പ് വിജ്ഞാപന തീയതിക്ക് മുമ്പായി രജിസ്റ്റർചെയ്ത ആധാരങ്ങളുടെ മുന്തിയവിലകൾ പരിശോധിച്ച് ഇതിന്റെ ശരാശരിവിലയാണ് വിപണിവിലയായി നിശ്ചയിക്കുന്നത്. വിജ്ഞാപനതീയതിയ്ക്കുശേഷം സ്ഥലമേറ്റെടുത്തില്ലെങ്കിൽ 12 ശതമാനം പലിശയും വിട്ടുനൽകുന്നവർക്ക് നൽകണം

