ആറുകൊല്ലം; രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി റെയിൽവേ വീണ്ടെടുത്ത് സുരക്ഷിതകരങ്ങളിലെത്തിച്ചത് 84,119 കുട്ടികളെ-

കോട്ടയം: രാജ്യത്തെ വിവിധയിടങ്ങളിൽനിന്നായി റെയിൽവേ വീണ്ടെടുത്ത് സുരക്ഷിതകരങ്ങളിലെത്തിച്ചത് 84,119 കുട്ടികളെ. രക്ഷിതാക്കളുമായി പിണങ്ങിപ്പോന്നവർ, തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചവർ, രക്ഷപ്പെട്ടവർ, ചതിയിൽ അകപ്പെട്ടുപോയവർ, കാണാതായവർ, എങ്ങോട്ടെന്നില്ലാതെ വീടുവിട്ടിറങ്ങിയവർ തുടങ്ങി തീവണ്ടികളിലും പ്ലാറ്റ്‌ഫോമുകളിലും റെയിൽപ്പാളങ്ങളിലും കണ്ടെത്തിയ കുട്ടികളെയാണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർ.പി.എഫ്.), രക്ഷിതാക്കളെയോ സുരക്ഷിതകേന്ദ്രങ്ങളിലോ ഏൽപ്പിച്ചത്. 2018 മുതലുള്ള കണക്കാണിത്.
ഏഴുവർഷംമുൻപ് റെയിൽവേ തുടക്കമിട്ട ഓപ്പറേഷൻ ‘നൻഹേ ഫരിസ്തേ’ എന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇത്രയധികം കുട്ടികളെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. രക്ഷപ്പെടുത്തുന്ന കുട്ടികളെ അതാത് ജില്ലകളിലെ ശിശുക്ഷേമസമിതിക്കാണ് കൈമാറുക. തുടർന്ന്, രക്ഷിതാക്കളെ കണ്ടെത്തും.
ഓപ്പറേഷൻ അമാനത്
നഷ്ടപ്പെടുകയോ മോഷണംപോകുകയോ ചെയ്ത 58.19 കോടി രൂപയുടെ സാധനങ്ങളും ‘ഓപ്പറേഷൻ അമാനത്’ എന്ന ദൗത്യത്തിലൂടെ റെയിൽവേ വീണ്ടെടുത്തുനൽകി. 2023-24 വർഷംമാത്രം തീവണ്ടികളിൽ യാത്രചെയ്ത 35,776 യാത്രക്കാരുടെ നഷ്ടപ്പെട്ട സാധനങ്ങൾ ഇങ്ങനെ തിരികെ കിട്ടി. സ്വർണാഭരണങ്ങൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ, വീട്ടുസാധനങ്ങൾവരെ ഇതിലുൾപ്പെടും. യാത്രക്കാർക്ക് റെയിൽവേയുടെ ആപ്പ് ഡൗൺലോഡ്ചെയ്ത് പരാതി രജിസ്റ്റർചെയ്യാം. വീണ്ടെടുക്കുന്ന സാധനങ്ങൾ യഥാർഥ ഉടമയാണെന്ന് തെളിയിച്ചാൽമാത്രമേ കൈമാറൂ.

