KSDLIVENEWS

Real news for everyone

കാസർകോട്ടെ സി.എ മുഹമ്മദ് കൊലപാതകം; നാലുപ്രതികൾക്കും ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും

SHARE THIS ON

കാസർകോട്: അടുക്കത്ത് ബയൽ, ബിലാൽ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദി(56)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾക്കും ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൂഡ്‌ലു, ഗുഡ്ഡു ടെമ്പിൾ റോഡിലെ സന്തോഷ് നായക് എന്ന ബജെ സന്തോഷ് (37), താളിപ്പടുപ്പിലെ കെ. ശിവപ്രസാദ് എന്ന ശിവൻ (41), അയ്യപ്പ നഗറിലെ കെ. അജിത്‌കുമാർ എന്ന അജ്ജു (36), അടുക്കത്ത് ബയൽ, ഉസ്മാൻ ക്വാർട്ടേഴ്‌സിലെ കെ.ജി കിഷോർ കുമാർ എന്ന കിഷോർ (40) എന്നിവർക്കെതിരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി (രണ്ട്) ജഡ്‌ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. 2008 ഏപ്രിൽ 18ന് ആണ് മുഹമ്മദ് കൊല്ലപ്പെട്ടത്. അന്ന് ഉച്ചയ്ക്ക് 12ന് അടുക്കത്ത് ബയൽ ബിലാൽ മസ്ജിദ് സമീപം പ്രതികൾ പിടിച്ചുനിർത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അന്ന് സിഐ ആയിരുന്ന കാസർകോട് അഡീഷനൽ എസ്‌പി പി.ബാലകൃഷ്ണൻ നായരായിരുന്നു കേസ് അന്വേഷിച്ചത്. പ്രതികളെ രണ്ടാഴ്ചയ്ക്കകം തന്നെ കർണാടകയിലെ കങ്കനാടിയിൽനിന്ന് അറസ്റ്റ് ചെയ്‌തിരുന്നു. 2018 ൽ കേസിന്റെ വിചാരണ പൂർത്തിയാക്കി. കുറ്റക്കാരെ കണ്ടെത്തിയ ശേഷം പ്രതികൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ മൂന്നാംപ്രതിയായ അജിത്ത് കുമാർ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പറഞ്ഞിരുന്നു. ഇതു കണക്കിലെടുത്താണ് വിധി പ്രസ്താവന വ്യാഴാഴ്‌ചത്തേക്ക് മാറ്റിയത്. ഗോവ ഗവർണറായ ബിജെപി നേതാവ് പിഎസ് ശ്രീധരൻ പിള്ളയുടെ ജൂനിയർ അഭിഭാഷകനാണ് പ്രതികൾക്ക് വേണ്ടി വാദിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, വഴിയാത്രക്കാരൻ എന്നിവരാണ് കേസിലെ പ്രധാന സാക്ഷികൾ.

error: Content is protected !!