മോദിയുടെ ജനപ്രീതി കുറയുന്നു; സര്‍ക്കാരിന്റെ ഇമേജിലും ഇടിവെന്ന് ഇന്ത്യ ടുഡെ സര്‍വെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നടത്തിയ ഇന്ത്യ ടുഡേ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ മോദിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടത് 62 ശതമാനം പേരായിരുന്നു. എന്നാല്‍ ഓഗസ്റ്റിലെ സര്‍വേയില്‍ ഇത് 58 ശതമാനമായി കുറഞ്ഞു. ആറു മാസത്തിനുള്ളില്‍ നാല് ശതമാനത്തിന്റെ കുറവ്.
എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായെന്നും സര്‍വേ വിലയിരുത്തുന്നു. ഇത്തവണ 52.4 ശതമാനം ആളുകളാണ് എന്‍ഡിഎയുടെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയത്. ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ ഇത് 62.1 ശതമാനമായിരുന്നു. ആറു മാസത്തിനിടെ രേഖപ്പെടുത്തിയത് 10 ശതമാനത്തിന്റെ കുറവാണ്. 15.3 ശതമാനം പേരും സര്‍ക്കാരിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കി. ഫെബ്രുവരിയില്‍ ഇത് 8.6 ശതമാനമായിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 2.7 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
സര്‍വേയില്‍ പ്രതികരിച്ചവരില്‍ 34.2 ശതമാനം പേര്‍ പ്രധാനമന്ത്രിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനത്തെ ‘മികച്ചത്’ എന്ന വിലയിരുത്തി. ഫെബ്രുവരിയിലെ സര്‍വേയില്‍ 36.1 ശതമാനം പേര്‍ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു. ഇത്തവണ പ്രകടനം ‘നല്ലത്’ എന്ന് വിലയിരുത്തിയത് 23.8 ശതമാനമാണ്. 12.7 ശതമാനം പേര്‍ മോദിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. 12.6 ശതമാനം പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്നും അഭിപ്രായപ്പെട്ടു. പ്രകടനം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടത് 13.8 ശതമാനം ആളുകളാണ്.