KSDLIVENEWS

Real news for everyone

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടാൻ തീരുമാനം; മഴ ശക്തമായാൽ യാത്ര അനുവദിക്കില്ല

SHARE THIS ON

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡുവഴി ഭാരംകുറഞ്ഞ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടാൻ തീരുമാനം. കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർസിങ്ങിന്റെ അധ്യക്ഷതയിൽച്ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.

വ്യാഴാഴ്ചയും താമരശ്ശേരി ചുരം വ്യൂപോയന്റിനുസമീപം മണ്ണിടിഞ്ഞിരുന്നു. തുടർന്ന്, ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് കോഴിക്കോട്, വയനാട് കളക്ടർമാർ ഉത്തരവിട്ടിരുന്നു. എന്നാൽ, രാത്രിചേർന്ന യോഗത്തിനുശേഷമാണ് കോഴിക്കോട് കളക്ടർ നിയന്ത്രണം ഭാഗികമായി പിൻവലിച്ചത്. നേരത്തേ, റവന്യൂമന്ത്രി കെ. രാജൻ കോഴിക്കോട്, വയനാട് കളക്ടർമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗംവിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ ഏഴോടെ പെയ്ത കനത്തമഴയ്ക്കിടെ മണ്ണിടിഞ്ഞഭാഗത്തുനിന്ന് പാറക്കല്ലുകളും മണ്ണുമെല്ലാം റോഡിലേക്ക് വീണ്ടും തെറിച്ചുവീണു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ ഇതേസ്ഥലത്ത് വലിയശബ്ദത്തോടെ വലിയൊരു മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് നിലയുറപ്പിച്ചിരുന്നവരെല്ലാം ഭയന്ന് ഇരുവശത്തേക്കും ഓടിമാറി. ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയുമെല്ലാം ഇവിടെനിന്ന് മാറ്റി. മഴ അല്പം മാറിനിന്നസമയത്ത് മണ്ണുമാന്തിയന്ത്രമെത്തിച്ച് അടിഞ്ഞ കല്ലുകളും മണ്ണും നീക്കംചെയ്ത് റോഡിലെ ഗതാഗതതടസ്സം നീക്കി.

യോഗത്തിലെ തീരുമാനങ്ങൾ

മഴ ശക്തമായി പെയ്യുന്ന സമയങ്ങളിൽ വാഹനഗതാഗതം അനുവദിക്കില്ല
മഴ കുറയുന്നസമയത്തുമാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ
താമരശ്ശേരി, വയനാട് ഭാഗങ്ങളിൽ ഇതിനുള്ള ക്രമീകരണങ്ങൾ വരുത്തണം.
ഇതുവഴി പോകുന്ന വാഹനങ്ങൾ ജാഗ്രതയോടെയും വേഗംകുറച്ചും സഞ്ചരിക്കണം.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.
ഭാരംകൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂർ റോഡും ഉപയോഗപ്പെടുത്തണം.
ശക്തമായ മഴതുടരുന്ന സാഹചര്യത്തിൽ അടർന്നുനിൽക്കുന്ന പാറകൾ ഇനിയും റോഡിലേക്കുവീഴാൻ സാധ്യതയുണ്ട്. ആയതിനാൽ പ്രദേശത്ത് മുഴുവൻസമയ നിരീക്ഷണമേർപ്പെടുത്തും.
പ്രദേശത്ത് റോഡിൽ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയർ ആൻഡ്‌ റെസ്‌ക്യൂ വിഭാഗവും തഹസിൽദാരും ഉറപ്പുവരുത്തണം. ആവശ്യത്തിന് ക്രെയിനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കണം.
ആംബുലൻസ് സർവീസ് ഉറപ്പുവരുത്തണം
പ്രദേശത്തെ ആശുപത്രികൾക്ക് ജാഗ്രതാനിർദേശം നൽകണം
കുറ്റ്യാടി റോഡിൽ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കണം. രാത്രിസമയങ്ങളിൽ വെളിച്ചം ഉറപ്പുവരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!