രാഹുലിന് പിന്നാലെ ക്രൈംബ്രാഞ്ച്; വ്യാജ ഐഡി കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി ഉപയോഗിച്ചെന്ന കേസില്‍ അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട് അടൂരിലെ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികള്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി അടുത്തബന്ധമുള്ള ഫെനി നൈനാന്‍ ആണ് ഒന്നാംപ്രതി. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. നിലവില്‍ രാഹുല്‍ കേസിലെ പ്രതിയല്ല. എന്നാല്‍, മുന്‍പ് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ രാഹുലിനെതിരായ ചില തെളിവുകള്‍ ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തെന്നാണ് ആരോപണം ഉയര്‍ന്നത്.
അടൂര്‍ മേഖലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ ക്രൈംബ്രാഞ്ചിന്റെ രണ്ട് സംഘങ്ങളാണ് പരിശോധന നടത്തുന്നത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച ഹാജരാകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് ക്രൈം ബ്രാഞ്ച് നിര്‍ദേശിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അത്തരം അറിയിപ്പൊന്നും രാഹുലിന് ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത അനുയായികള്‍ വ്യക്തമാക്കുന്നത്.