KSDLIVENEWS

Real news for everyone

ദക്ഷിണേഷ്യയിലെ ഏറ്റവും വേഗമേറിയ ഫെറി സർവീസ്, കൂറ്റൻ ബോട്ടിൽ 656 യാത്രക്കാർ; ഇക്കോണമി ക്ലാസിന് 2,500 രൂപ

SHARE THIS ON

മുംബൈ: ദക്ഷിണേഷ്യയിലെ ഏറ്റവും വേഗമേറിയ ഫെറി സർവീസ് മുംബൈയിൽനിന്നു കൊങ്കണിലെ രത്നാഗിരിയിലേക്കും സിന്ധുദുർഗിലേക്കും സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കും. യാത്രക്കാരെയും വാഹനങ്ങളെയും വഹിക്കാൻ ശേഷിയുള്ള ഫെറി മുംബൈയിൽനിന്നു 3 മണിക്കൂർ കൊണ്ടു രത്നാഗിരിയിലെ ജയ്ഗഡ് തുറമുഖത്തെത്തും. റോഡ് മാർഗം 10 മണിക്കൂറെടുക്കുന്ന യാത്രയാണിത്. മുംബൈയിൽനിന്നു സിന്ധുദുർഗിലെ വിജയ്ദുർഗ് തുറമുഖത്തേക്ക് 5 മണിക്കൂർ കൊണ്ടു ഫെറിയിൽ എത്തിച്ചേരാനാകും. റോഡ് മാർഗം 12 മണിക്കൂർ വേണ്ടയിടത്താണ് 5 മണിക്കൂർ യാത്ര സാധ്യതമാകുന്നത്.

ദക്ഷിണ മുംബൈയിലെ മസ്ഗാവിനടുത്തുള്ള ഭാവുച്ച ധക്കയിൽനിന്നാണു സർവീസുകൾ പുറപ്പെടുക. കൊങ്കൺ നിവാസികൾക്കുള്ള ഉത്സവകാല സമ്മാനമാണിതെന്നു കൊങ്കൺ മേഖലയിൽനിന്നുള്ള തുറമുഖ വകുപ്പ് മന്ത്രി നിതേഷ് റാണെ പറഞ്ഞു. എം2എം എന്നു പേരുള്ള കൂറ്റൻ ബോട്ടിൽ 656 യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഇക്കോണമി ക്ലാസിൽ 552, പ്രീമിയം ഇക്കോണമിയിൽ 44, ബിസിനസ് ക്ലാസിൽ 48, ഫസ്റ്റ് ക്ലാസിൽ 12 എന്നിങ്ങനെയാണു സീറ്റുകൾ. അതേസമയം, ഏറ്റവും കുറഞ്ഞ ഇക്കോണമി ക്ലാസിൽ 2,500 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്. അതു സാധാരണക്കാർക്ക് എത്രമാത്രം ഉപകാരപ്പെടുമെന്ന ചോദ്യം ഉയർത്തുന്നുണ്ട്.

50 നാലുചക്ര വാഹനങ്ങളും 30 ഇരുചക്രവാഹനങ്ങളും വഹിക്കാൻ ശേഷിയുള്ള ഫെറി സർവീസിൽ മിനി ബസുകളും കൊണ്ടുപോകാനാകും. റോഡിലെ ഗതാഗതക്കുരുക്കിൽപെടാതെ കൊങ്കണിലേക്ക് എളുപ്പത്തിൽ യാത്ര സാധ്യമാകുമെന്നതും അതിവേഗ റോറോ ഫെറി സർവീസിന്റെ സവിശേഷതയാണ്. ഗതാഗതക്കുരുക്കും റോഡിലെ കുഴിയും കാരണം പൻവേലിൽനിന്നു കൊങ്കണിലേക്കുള്ള യാത്ര പേടിസ്വപ്നമാകുന്നതിനിടെയാണു ബോട്ട് സർവീസുകൾ ആരംഭിക്കുന്നത്.

അടുത്തഘട്ടത്തിൽ ഗോവയിലേക്കും സർവീസ് ആരംഭിക്കാനാണു നീക്കം. അത് ഇരുസംസ്ഥാനങ്ങളിലെയും വിനോദസഞ്ചാരമേഖലയ്ക്കു കൂടുതൽ ഉണർവേകും. ഗോവ സർക്കാരുമായുള്ള ചർച്ച തുടരുകയാണ്. ഇറ്റലിയിൽ നിന്നെത്തിച്ച വെസലാണു സർവീസിന് ഉപയോഗിക്കുക. മുംബൈയിൽനിന്ന് അലിബാഗിലേക്കു നേരത്തേ തന്നെ സർവീസുകൾ നടത്തുന്നുണ്ട്.

∙ ഇക്കോണമി ക്ലാസ്: 2,500 രൂപ
∙ പ്രീമിയം ഇക്കോണമി ക്ലാസ്: 4,000 രൂപ
∙ ബിസിനസ് ക്ലാസ്: 7,500 രൂപ
∙ ഫസ്റ്റ് ക്ലാസ്: 9,000 രൂപ
∙ സൈക്കിൾ: 600 രൂപ
∙ ബൈക്ക്: 1,000 രൂപ
∙ കാർ: 6,000 രൂപ
∙ മിനി ബസ്: 13,000 രൂപ
∙ 30 സീറ്റ് ബസ്: 14,500 രൂപ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!