KSDLIVENEWS

Real news for everyone

കണ്ണീർമഴയത്ത് പറക്കളായി, നടുക്കം മാറാതെ നാട്; ദമ്പതികളും മൂത്തമകനും ജീവനൊടുക്കി, ഇളയമകന്റെ നില ഗുരുതരം

SHARE THIS ON

പറക്കളായി: മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ ആസിഡ് കുടിച്ചു ജീവനൊടുക്കി. ഇളയമകനെ ഗുരുതരാവസ്ഥയിൽ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറക്കളായി ഒണ്ടാംപുളിയിലെ കർഷകനായ എം.ഗോപി (58), ഭാര്യ കെ.വി.ഇന്ദിര (55), മൂത്തമകൻ ഹൊസ്ദുർഗിലെ വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാൻ രഞ്ജേഷ് (37) എന്നിവരാണു മരിച്ചത്. ഇളയമകൻ രാകേഷാണ് (35) ചികിത്സയിലുള്ളത്.


എം.ഗോപി, ഭാര്യ കെ.വി.ഇന്ദിര, മകൻ രഞ്ജേഷ്
ഇന്നലെ പുലർച്ചെയാണു നാടിനെ നടുക്കിയ സംഭവം. പുലർച്ചെ 2.15നു രാകേഷ്, സമീപത്തു താമസിക്കുന്ന പിതൃസഹോദരൻ നാരായണനെ ഫോണിൽ വിളിച്ച് ആസിഡ് കുടിച്ച വിവരമറിയിച്ചു. നാരായണൻ എത്തുമ്പോൾ നാലുപേരും അവശനിലയിലായിരുന്നു. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഗോപി യാത്രാമധ്യേ മരിച്ചു. കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്കു പോകുംവഴി ഇന്ദിരയും ആശുപത്രിയിൽവച്ച് രഞ്ജേഷും മരിച്ചു.റബർഷീറ്റ് തയാറാക്കാൻ ഉപയോഗിക്കുന്ന ആസിഡാണു നാലുപേരും കുടിച്ചതെന്ന് അമ്പലത്തറ ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു.

ഒരു ലീറ്ററിന്റെ കുപ്പിയിൽ കാൽഭാഗം ആസിഡ് ശേഷിച്ച നിലയിൽ മുറിയിൽനിന്നു കണ്ടെത്തി. ആസിഡ് കുടിക്കാൻ ഉപയോഗിച്ച കപ്പുകളും സമീപത്തുണ്ടായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. മൂന്നുപേരുടെയും സംസ്കാരം നടത്തി. പരേതരായ അമ്പൂഞ്ഞിയുടെയും ലക്ഷ്മിയുടെയും മകനാണ് ഗോപി. സഹോദരങ്ങൾ: നാരായണൻ (വ്യാപാരി, പറക്കളായി), ഓമന, സുമതി.പരേതനായ മാലിങ്കൻ മണിയാണിയുടെയും കല്യാണിയുടെയും മകളാണ് ഇന്ദിര. സഹോദരങ്ങൾ: വിജയകുമാർ (ആണ്ടിയച്ഛൻ), ബാലകൃഷ്ണൻ, ലക്ഷ്മി, യശോദ, കല്യാണി.

പ്രിയപ്പെട്ടവർക്ക് യാത്രാമൊഴി
പറക്കളായി ∙ ഒണ്ടാംപുളിയിലെ കർഷകനായ എം.ഗോപി, ഭാര്യ കെ.വി.ഇന്ദിര, മൂത്തമകൻ രഞ്ജേഷ് എന്നിവർക്ക് നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് മൂന്നരയോടെ പറക്കളായി ടൗണിൽ പൊതുദർശനത്തിനു വച്ചപ്പോൾ കനത്തമഴയെ വകവെക്കാതെ അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളെത്തി. ഇ.ചന്ദ്രശേഖരൻ എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് എ.എൽ.അശ്വിനി, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് ഗോപിയുടെ സഹോദരൻ നാരായണന്റെ വീട്ടിലെത്തിച്ച് അന്ത്യകർമങ്ങൾക്കുശേഷം മൂന്നുപേരുടെയും മൃതദേഹങ്ങൾ ഗോപിയുടെ വീടിനു സമീപമൊരുക്കിയ ചിതകളിലേക്കെടുത്തു.

നടുക്കം മാറാതെ നാട്
പറക്കളായി∙ കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് പറക്കളായി ഗ്രാമവാസികൾ. അധ്വാനശീലരായിരുന്ന കുടുംബാംഗങ്ങളെല്ലാവരും സൗമ്യമായ പെരുമാറ്റംകൊണ്ടും നാട്ടുകാരുടെ പ്രിയപ്പെട്ടവർ. പക്ഷേ ഇവരെ ആത്മഹത്യയിലേക്കു നയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് മാത്രം ആർക്കുമറിയില്ല. ഗൾഫിലായിരുന്ന സഹോദരങ്ങൾ രഞ്ജേഷും രാകേഷും ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തിയപ്പോൾ പറക്കളായിയിൽ തുളസി സ്റ്റോഴ്സ് എന്ന പേരിൽ മിനി സൂപ്പർ മാർക്കറ്റ് തുടങ്ങിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെ 2 വർഷം മുൻപ് ഈ സ്ഥാപനം അടച്ചു. 

 പിന്നീട് രഞ്ജേഷ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ മൊത്തവ്യാപാര സ്ഥാപനത്തിലും അനുജൻ രാകേഷ് കോട്ടച്ചേരി പെട്രോൾ പമ്പിനു സമീപത്തെ പലവ്യഞ്ജന കടയിലും സെയിൽസ്മാനായി ജോലിക്കു കയറി. പനി പിടിപെട്ടതിനാൽ 2 ദിവസമായി രണ്ടുപേരും ജോലിക്ക് പോയിരുന്നില്ലെന്ന് സമീപവാസികൾ പറഞ്ഞു. രണ്ടേക്കറിലധികം വരുന്ന പുരയിടത്തിലെ കാർഷിക വിളകളെല്ലാം ഗോപി അധ്വാനിച്ചുണ്ടാക്കിയതാണ്. പറമ്പിൽ നേരത്തേയുണ്ടായിരുന്ന റബർ മുറിച്ചു നട്ട കമുകുകൾ കുലച്ചുതുടങ്ങി. ഇന്ദിര വീട്ടിലിരുന്ന് സ്വകാര്യ ബീഡി കമ്പനിക്കായി ബീഡി തെറുപ്പ് തൊഴിലുമെടുത്തിരുന്നു.

പറയാൻ മാത്രം സാമ്പത്തിക പ്രയാസമുള്ള കുടുംബമല്ല ഇവരുടേതെന്നാണ് നാട്ടുകാർ പറയുന്നത്. ‘എല്ലാ കാര്യങ്ങളും എന്നോട് ഷെയർ ചെയ്യുന്നവനാണ്. പക്ഷേ, ഇതിനെക്കുറിച്ച് ഒരു സൂചനപോലും തന്നില്ല’– രഞ്ജേഷിന്റെ സുഹൃത്തും ബന്ധുവുമായ രഞ്ജിത് പറഞ്ഞു. കേരള കേന്ദ്ര സർവകലാശാലയിലെ സുരക്ഷാവിഭാഗം ജീവനക്കാരനാണ് രഞ്ജിത്. നേരത്തെയുണ്ടായിരുന്ന ബാധ്യതകളൊക്കെ ഇവർ ജോലി ചെയ്ത് തീർത്തിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു. വാർഡംഗം ജ്യോതി രാധാകൃഷ്ണൻ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!