ഒറ്റ പൊട്ടിത്തെറിയില്‍ എല്ലാം തീര്‍ന്നു; യുക്രൈൻ കപ്പല്‍ ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്ത് റഷ്യ/വീഡിയോ

മോസ്കോ: യുക്രൈൻ നാവികസേനാ നിരീക്ഷണക്കപ്പല്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകർന്ന് മുങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം.
ഒരു ദശാബ്ദത്തിനിടെ യുക്രൈൻ കമ്മിഷൻ ചെയ്ത ഏറ്റവും വലിയ കപ്പലെന്ന് കരുതപ്പെടുന്ന നാവികസേനയുടെ സിംഫെറോപോള്‍ എന്ന കപ്പലാണ് ആക്രമണത്തില്‍ തകർന്നതായി റഷ്യ പറയുന്നത്.
ഡാന്യൂബ് നദിയുടെ ഡെല്‍റ്റയില്‍വെച്ച് കടല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് കപ്പല്‍ തകർത്തത്. ഇതിന്റെ ഒരുഭാഗം യുക്രൈനിലെ ഒഡെസ മേഖലയിലാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഒരു യുക്രൈൻ നാവികസേനാ കപ്പലിനെ തകർക്കാൻ ഡ്രോണ്‍ വിജയകരമായി ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്നാണ് റിപ്പോർട്ട്. കപ്പലിനുനേരെ ആക്രമണം നടന്നതായി യുക്രൈനിയൻ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചില്‍ തുടരുന്നു.
സിംഫെറോപോള്‍ 2019-ലാണ് കടലിലിറക്കിയത്. രണ്ടുവർഷത്തിനുശേഷം യുക്രൈൻ നാവികസേനയുടെ ഭാഗമായി.