രാഹുലിന്റെ ഐഫോണ്‍ പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല: പലതവണ ആവശ്യപ്പെട്ടിട്ടും പാസ് വേഡ് രാഹുല്‍ നല്‍കിയില്ലെന്ന് ക്രൈംബ്രാഞ്ച്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന ക്രൈംബ്രാഞ്ച് രാഹുലിന്റെ അനുയായികളുടെ ഫോണുകള്‍ പിടിച്ചെടുത്തു. പത്തനംതിട്ടയില്‍ രാഹുലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടത്തിയാണ് ക്രെംബ്രാഞ്ച് ഫോണുകള്‍ പിടിച്ചെടുത്തത്.
അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
രാഹുലിന്റെ ഐഫോണ്‍ പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ് വേഡ് രാഹുല്‍ നല്‍കിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സി ആര്‍ കാര്‍ഡ് ആപ്പ് വഴിയാണ് വ്യാജ രേഖ നിര്‍മ്മിച്ചതെന്നാണ് കണ്ടെത്തല്‍. നേരത്തെ കേസ് അന്വേഷിച്ച മ്യൂസിയം പോലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തെളിവ് ലഭിക്കാത്തതിനാല്‍ പ്രതിചേര്‍ത്തിരുന്നില്ല.
കേസിലെ മുഖ്യ പ്രതി ഫെനി നൈനാന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. ക്രമക്കേട് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം. ഭാരവാഹി തെരഞ്ഞെടുപ്പിന് മുന്‍പ് മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രവര്‍ത്തകരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെതെന്ന പേരില്‍ വ്യാജ ഐ ഡി കാര്‍ഡ് നിര്‍മ്മിച്ചു എന്നാണ് കേസ്. കേസില്‍ ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേരും പരാമര്‍ശിക്കപ്പെടുന്നുണ്ട്.