കശ്മീർ പ്രശ്നത്തിന് സമാനം ;
അർമേനിയ-അസർബൈജാൻ പോരാട്ടം രൂക്ഷം

മോസ്കോ: നാഗോര്‍ണോ-കരാബാക് പ്രദേശത്തെച്ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ ഞായറാഴ്ച ആരംഭിച്ച യുദ്ധം ഇന്നലെ രൂക്ഷമായി.
അര്‍മേനിയയുടെ 550 സൈനികരെ വധിച്ചെന്ന് അസര്ബൈജാന് പ്രതിരോധമന്ത്രാലയം റഷ്യയിലെ ഇന്റര്‍ഫാക്സ് ന്യൂസ് ഏജന്‍സിയോടു പറഞ്ഞു. അര്‍മേനിയ ഇതു നിഷേധിച്ചു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേറ്റതായി അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതേസമയം, തങ്ങളുടെ 31 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി നാഗോര്‍ണോ-കരാബാക് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അസര്ബൈജാന് പട്ടാളക്കാര്‍ കൊല്ലപ്പെട്ടുകിടക്കുന്നതിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു.
ഇതിനിടെ, മേഖലയിലെ ശക്തികളായ റഷ്യയും തുര്‍ക്കിയും യുദ്ധത്തില്‍ ഇടപെടുമോയെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. ക്രിസ്ത്യന്‍ രാജ്യമായ അര്‍മേനിയയെ പിന്തുണയ്ക്കുന്ന റഷ്യക്ക് അവിടെ സൈനികതാവളമുണ്ട്. മുസ്ലിം ഭൂരിപക്ഷരാജ്യമായ അസര്‍ബൈജാനുള്ള പിന്തുണ തുര്‍ക്കി പ്രസിഡന്റ് എര്ദോഗന് കഴിഞ്ഞദിവസം ആവര്‍ത്തിച്ചിരുന്നു.

