KSDLIVENEWS

Real news for everyone

നടിയെ അക്രമിച്ച കേസില്‍ സാക്ഷിയായ കോട്ടിക്കുളം സ്വദേശിക്ക് വധഭീഷണി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

SHARE THIS ON

ബേക്കല്‍: നടിയെ അക്രമിച്ച കേസിലെ സാക്ഷികളില്‍ ഒരാളായ കോട്ടിക്കുളം സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. കോട്ടിക്കുളം മലാംകുന്ന് സ്വദേശിയായ വിപിന്‍ലാല്‍ ആണ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസില്‍ സാക്ഷിയായ വിപിന് മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നുമുള്ള അജ്ഞാത ഫോണ്‍ സന്ദേശം നിരന്തരം വരികയാണെന്ന് പരാതിയില്‍ പറയുന്നു. ദിലീപിന് അയക്കാനുള്ള കത്ത് പള്‍സര്‍ സുനിക്ക് ജയിലില്‍ കഴിയുന്നതിനിടെ എഴുതി നല്‍കിയത് താനാണെന്ന് വിപിന്‍ പൊലീസിലും കോടതിയിലും മൊഴി നല്‍കിയിരുന്നു. 2020 ജനുവരിയില്‍ നല്‍കിയ മൊഴി മാറ്റണമെന്നും ഇല്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നും പറഞ്ഞ് തന്റെ അമ്മാവന്റെ വീട്ടിലും ജോലിസ്ഥലത്തുമായി ഫോണിലും തപാലിലും ഭീഷണിസന്ദേശം വരികയാണെന്ന് പരാതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. കൊച്ചിയില്‍ നിന്നാണ് ഭീഷണി വന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചന. നടന്‍ ദിലീപ് അടക്കമുള്ളവര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജിയും നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് പ്രോസിക്യൂഷന്‍ വാദത്തിന് ബലമേകുന്ന പരാതി ബേക്കല്‍ പൊലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!