നൂതനവ്യവസായ സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ സേവനങ്ങൾക്ക് യു.എ.ഇ. പാസ് നിർബന്ധമാക്കി

അബുദാബി: വെബ്സൈറ്റ്, ആപ്പ് എന്നിവവഴി യു.എ.ഇ. നൂതനവ്യവസായ സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ സേവനങ്ങൾ ലഭിക്കാൻ ഇനിമുതൽ യു.എ.ഇ. പാസ് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. വ്യാവസായിക മാനദണ്ഡങ്ങൾ, ദേശീയ അക്രഡിറ്റേഷൻ സേവനങ്ങൾ, കൺഫോർമിറ്റി എന്നീസേവനങ്ങൾ ലഭിക്കുന്നതിന് ഇടപാടുകാർക്കും സ്ഥാപനങ്ങൾക്കും യു.എ.ഇ. പാസ് നിർബന്ധമാക്കിയിട്ടുണ്ട്. യു.എ.ഇ.യുടെ ഡിജിറ്റൽ പരിവർത്തനലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പുതിയ നീക്കം. വ്യാവസായികമേഖലയുടെ വളർച്ചയ്ക്ക് തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരീക്ഷണ ഘട്ടത്തിൽ യു.എ.ഇ. പാസിന് മികച്ചപ്രതികരണം ലഭിച്ചതായി മന്ത്രാലയത്തിലെ കസ്റ്റമർ ഹാപ്പിനെസ് വകുപ്പ് ഡയറക്ടർ ഹുമൈദ് ഹസ്സൻ അൽ ഷംസി പറഞ്ഞു.നിലവിൽ യു.എ.ഇ. പാസിനായി 16,574 സ്ഥാപനങ്ങൾ രജിസ്റ്റർചെയ്തിട്ടുണ്ട്. ഭരണപരമായ നടപടികൾ എളുപ്പമാക്കുന്നതിനും ഇടപാടുകൾ വർധിപ്പിക്കുന്നതിനും ഇത് നിർണായകസംഭാവനകൾ നൽകും. യു.എ.ഇ. പാസിലൂടെ ഒട്ടേറെ സേവനങ്ങളിലേക്ക് സുരക്ഷിതമായി പ്രവേശിക്കാൻ സ്ഥാപനങ്ങൾക്ക് സാധിക്കും. ജൂലായിൽ മന്ത്രാലയം നടപ്പാക്കിയ ഡിജിറ്റൽ പരിവർത്തനപ്രക്രിയയിലൂടെ സേവനകേന്ദ്രം സന്ദർശിക്കാതെതന്നെ ഡിജിറ്റലായി രേഖകളുടെ സാധുത പരിശോധിക്കാൻ ഇടപാടുകാരെ പ്രാപ്തമാക്കിയിട്ടുണ്ട്. ഇടപാടുകാർക്ക് അറബിക്, ഇംഗ്ലീഷ് എന്നീഭാഷകളിൽ മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്നുണ്ട്. ആപ്പിൾ സ്റ്റോർ, ഗൂഗിൾപ്ലേ എന്നിവയിലൂടെ യു.എ.ഇ. പാസ് ഡൗൺലോഡ് ചെയ്യാം. എമിറേറ്റ്സ് ഐ.ഡി., മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകിക്കൊണ്ട് വളരെ ലളിതമായ ഘട്ടങ്ങളിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

