എടനീർ മഠാധിപതിയായി സ്വാമി സച്ചിദാനന്ദ ഭാരതി സ്ഥാനമേറ്റു

കാസർകോട്
സ്വാമി സച്ചിദാനന്ദ ഭാരതി എടനീർ മഠാധിപതിയായി സ്ഥാനമേറ്റു. സ്വാമി കേശവാനന്ദ ഭാരതിയുടെ പിൻഗാമിയാണ്. പ്രധാന മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും മഠാധിപതികൾ, തന്ത്രിമാർ, യതിവര്യർ, പുരോഹിതർ പങ്കെടുത്തു. ആരാധ്യമൂർത്തികളായ ദക്ഷിണാമൂർത്തിക്കും ഗോപാലകൃഷ്ണനും അഭിഷേകവും പൂജയും ചെയ്ത ശേഷം ശ്രീരാമ പട്ടാഭിഷേക സങ്കൽപത്തോടെയായിരുന്നു പീഠാരോഹണം. സന്യാസ ദണ്ഡുമേന്തിയ സ്വാമി സച്ചിദാനന്ദ ഭാരതിയെ എടനീർ മഠ സിംഹാസന പീഠത്തിലേക്ക് ആനയിച്ചു. ഉഡുപ്പി പലിമാർ മഠാധിപതി സ്വാമി വിദ്യാധീശ തീർഥ, സുബ്രഹ്മണ്യ മഠാധിപതി സ്വാമി വിദ്യാ പ്രസന്ന തീർഥ എന്നിവർ സന്നിഹിതരായി. സ്വാമി സച്ചിദാനന്ദ ഭാരതിയുടെ ശിരസിൽ അഭിഷേകം നടത്തി.കാഞ്ചി കാമകോടി മഠം പ്രധാന പുരോഹിതൻ ഭരണീന്ദ്ര ശാസ്ത്രി, എടനീർ മഠം പുരോഹിതൻ ചക്രപാണി ദേവ പൂജിത്തായ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. പീഠാരോഹണ സമിതി അധ്യക്ഷൻ ടി ശ്യാംഭട്ട് കിരീട ധാരണം നടത്തി.

