തീഗോളമായി വെടിപ്പുര; തിക്കിലും തിരക്കിലും ആളുകള്‍ വീണു, പരിക്കേറ്റവരില്‍ കൈക്കുഞ്ഞുങ്ങളും
നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. കൈക്കുഞ്ഞുങ്ങൾക്കും വയോധികർക്കും പരിക്കുണ്ട്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് 1000-ത്തിലധികം ആളുകളുണ്ടായിരുന്നു.
അപകടസമയത്ത് വലിയ ആൾക്കൂട്ടം ക്ഷേത്രവളപ്പിലുണ്ടായിരുന്നു എന്നാണ് തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന മാതൃഭൂമി ലേഖകൻ പ്രദീപ് നാരായണന്‍ പറയുന്നത്.
‘ദാരുണമായ അപകടമാണ് സംഭവിച്ചത്. വലിയ ആൾക്കൂട്ടം ക്ഷേത്രവളപ്പിനടുത്ത് ഉണ്ടായിരുന്നു. ആളുകൾ നിൽക്കുന്നതിനിടെ പശ്ചാത്തലത്തിൽ പടക്കം പൊട്ടുന്നതും കേൾക്കാമായിരുന്നു. എന്നാൽ, ഇത്രയധികം പടക്കങ്ങൾ അവിടെ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഞാൻ നിൽക്കുന്നിടത്ത് നിന്നും പത്ത് മീറ്റർ അകലെയാണ് പടക്കപ്പുരയില്‍ പൊട്ടിത്തെറിയുണ്ടായത്. ഞാൻ മറിഞ്ഞുവീണു. അഞ്ച്, ആറ് ആളുകൾ ദേഹത്ത് വന്ന് വീഴുകയായിരുന്നു. ആളുകൾ നിലവിളിച്ച് ഓടുകയായിരുന്നു. എഴുന്നേറ്റ് നോക്കുമ്പോൾ കാണുന്നത് തീഗോളമാണ്. വലിയ ശബ്ദവും. സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഈ പടക്കശേഖരത്തിനടുത്തുള്ള വരാന്തയിലാണ് ഇവർ നിന്നിരുന്നത്. അധികൃതർ പറയുന്ന കണക്കനുസരിച്ച് 180 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
സാധാരണ ക്ഷേത്രത്തിന്റെ പിറകിലാണ് പടക്കങ്ങൾ സൂക്ഷിക്കാറുള്ളത്. സാധാരണ മാലപ്പടക്കങ്ങളൊക്കെയാണ് ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണ മുകളിൽ പോയി പൊട്ടുന്നത് പോലെയുള്ള പടക്കങ്ങൾ ധാരാളമുണ്ടായിരുന്നു. ഇത്തവണ പടക്കം പൊട്ടിക്കുന്ന സ്ഥലവും മാറ്റിയിരുന്നു. അവിടെ ഒരു കെട്ടിടത്തോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് പടക്കം പൊട്ടിച്ചിരുന്നു. പക്ഷേ ഈ കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകീട്ടുവരെ പൊട്ടിക്കാനുള്ള പടക്കങ്ങൾ അവിടെ സൂക്ഷിച്ചിരുന്നു എന്ന് ആർക്കുമറിയില്ലായിരുന്നു. ഈ കെട്ടിടത്തിന്റെ ചുമരും മുകളിലെ ഷീറ്റും തകര്‍ന്ന് തെറിച്ചു’.
ഒരു സ്‌ഫോടനം വന്ന് നിമിഷനേരംകൊണ്ട് എല്ലാം കഴിഞ്ഞതായാണ് മറ്റ് ദൃക്സാക്ഷികളും പറയുന്നത്. ഒരുമിനിറ്റിൽ താഴെ മാത്രമേ ശബ്ദമുണ്ടായിരുന്നുള്ളൂ. ആളുകളെ കൊണ്ടുപോകുന്നത് കണ്ടാണ് സംഭവം മനസ്സിലാകുന്നത് പോലും. തെയ്യത്തിന്റെ സമയത്ത് പണ്ട് മുതലേ പടക്കം പൊട്ടിക്കാറുണ്ടായിരുന്നു.
പരിക്കേറ്റവരിൽ കൈക്കുഞ്ഞുങ്ങളും വയോധികരുമുണ്ട്. പൊള്ളലേറ്റ ആളുകളെ ആശുപത്രിയിലെത്തിക്കാനുള്ള തിരക്കിലായിരുന്നു നാട്ടുകാർ. പരിസര ജില്ലകളിൽ നിന്ന് പോലും ആളുകൾ ഇവിടേക്ക് വരാറുണ്ടെന്നും ദൃക്സാക്ഷികൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 12.15-ഓടെയാണ് തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടാകുന്നത്. പരിക്കേറ്റവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്m