പി.എം ശ്രീയില് ഒരടിപോലും പിന്നോട്ടില്ലെന്ന് സിപിഐ: മന്ത്രിസഭായോഗം ബഹിഷ്കരിക്കും

തിരുവനന്തപുരം: പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ഒറ്റ ആവശ്യത്തിൽനിന്ന് ഒരടിപോലും പിന്നോട്ടുമാറാതെ സിപിഐ. ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് യോഗം ഓൺലൈനിൽ ചേർന്ന് രാഷ്ട്രീയസാഹചര്യം വിലയിരുത്തിയശേഷമാണ് ഈ നിലപാട് ഉറപ്പിച്ചെടുത്തത്. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിക്കും.
ഏത് സാഹചര്യത്തെയും പ്രായോഗികതലത്തിൽ വിലയിരുത്തി നിലപാടെടുക്കുന്നതിന് എല്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളോടും ബുധനാഴ്ച സംസ്ഥാനത്ത് എത്തണമെന്ന് ബിനോയ് വിശ്വം നിർദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഇടപെടൽ പരാജയപ്പെട്ടതോടെ വിഷയം വഷളാകാനിടയുണ്ടെന്ന വിലയിരുത്തലിലേക്ക് സിപിഎമ്മും എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അനുനയിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സിപിഎമ്മിന്റെ സംസ്ഥാനനേതൃത്വവും നിസ്സഹായരായാണ്. ഇതോടെ, സിപിഐയെ അനുനയിപ്പിക്കാൻ ജനറൽസെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. ബിനോയ് വിശ്വത്തെ ബേബി ഫോണിൽവിളിച്ച് ഒത്തുതീർപ്പിനുള്ള സാധ്യതതേടി. ഒപ്പിട്ട് കഴിഞ്ഞതിനാൽ ഇനി രമ്യതയിലെത്താനുള്ള സാധ്യതയാണ് ബേബി ആരാഞ്ഞത്.
ഇരുപാർട്ടികളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിവെക്കാമെന്നും അതുവരെ പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിർദേശവുമാണ് ബേബിയും മുന്നോട്ടുവെച്ചത്. ഇതുതന്നെ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ഈ ധാരണാപത്രം നിലനിർത്തി മുന്നോട്ടുപോകുന്ന ഒരുനടപടിക്കും സിപിഐക്ക് യോജിക്കാനാവില്ലെന്ന കർശനനിലപാടാണ് ബിനോയ് സ്വീകരിച്ചിട്ടുള്ളത്.
സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ധാരണാപത്രം ഒപ്പിട്ടത് കോടതികയറുമെന്ന് ഉറപ്പാണ്. ഇതിന്റെ അപകടം അറിയാവുന്നതുകൊണ്ടാണ്, മന്ത്രിമാർ കത്ത് നൽകിയതും മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്നതും ബിനോയ് വിശ്വംപോലും രാഷ്ട്രീയതീരുമാനമായി പുറത്തുപറയാത്തതും.
ധാരണാപത്രം റദ്ദാക്കണമെന്ന ആവശ്യം സിപിഎമ്മും സർക്കാരും അംഗീകരിച്ചാൽ ഇപ്പോഴത്തെ നടപടി നിയമക്കുരുക്കില്ലാതെ അവസാനിപ്പിക്കാനുള്ള പഴുത് സിപിഐ ബാക്കിവെച്ചിട്ടുണ്ട്. അത്തരമൊരു പിന്മാറ്റത്തിന് വഴങ്ങാനുള്ള രാഷ്ട്രീയസഹിഷ്ണുത മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉണ്ടാകുമോയെന്നാണ് അറിയേണ്ടത്.
നേതാക്കളുടെ പ്രതികരണം ഒഴിവാക്കണമെന്നും പ്രകോപനപരമായ ഒരുസമീപനവും ഉണ്ടാകരുതെന്നും സിപിഎം നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിന് സിപിഐ മന്ത്രിമാരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സിപിഐയുടെ വിയോജിപ്പ് മന്ത്രിസഭയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതും സർക്കാരിനെ നിയമക്കുരുക്കിലാക്കുന്നതുമാണ് എന്നതാണ് സിപിഎമ്മിനെ അസ്വസ്ഥമാക്കുന്ന പ്രധാനഘടകം.
മന്ത്രിസഭായോഗം ഉച്ചതിരിഞ്ഞ്
രാവിലെ സിപിഐ നേതൃത്വവുമായി ഒരുകൂടിയാലോചനകൂടി ഉണ്ടായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂരിലെ പരിപാടി റദ്ദാക്കി ബുധനാഴ്ച തലസ്ഥാനത്ത് എത്തുന്നുണ്ട്. മന്ത്രിസഭായോഗം ഉച്ചയ്ക്കുശേഷമാക്കിയത് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണെന്നാണ് സൂചന.

