കാഞ്ഞങ്ങാട് ഒരേ സ്കൂളിലെ 33ഓളം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം: വിദ്യാർഥികൾ ആശുപത്രിയിൽ; ഇന്ന് അടിയന്തിര യോഗം

കാഞ്ഞങ്ങാട്: ഒരേ സ്കൂളിലെ 33ഓളം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ 20 വിദ്യാർഥികൾക്കും ഹൈസ്കൂൾ, യു.പി വിഭാഗത്തിൽ 13 പേർക്കുമാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. തുടരെ കുട്ടികളിൽ രോഗലക്ഷണം കണ്ടതോടെ സ്കൂളിലെ കിണർ വെള്ളം പരിശോധനക്കയച്ചെങ്കിലും വെള്ളത്തിന് കുഴപ്പമില്ലെന്ന് കണ്ടെത്തി.
പുറത്തുനിന്നാണ് രോഗം പടർന്നതെന്നാണ് നിഗമനം. രോഗം പടർന്നത് നാട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ജാഗ്രതപാലിക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളധികൃതർ നിർദേശം നൽകി. ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധനയും നടത്തി. രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും നിർദേശമുണ്ട്. പനിയും മഞ്ഞപ്പിത്തവും ബാധിച്ച വിദ്യാർഥികൾ ചികിത്സയിലാണ്. രോഗം കൂടുതൽ കുട്ടികൾക്ക് ബാധിക്കുമോയെന്ന ആശങ്കയുണ്ട്. മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കണ്ടെത്താനാവാത്തതും ആശങ്കക്കിടയാക്കിയിട്ടുണ്ട്. പൂടംകല്ല് താലൂക്കാശുപത്രിയിൽനിന്ന് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ബോധവത്കരണം നടത്തി.
കൂടുതലും ആൺകുട്ടികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കൂടുതൽ വിദ്യാർഥികൾ മഞ്ഞപ്പിത്ത ലക്ഷണം കാണിച്ചതോടെ ഹെൽത്ത് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും ഡോക്ടർ ഉൾപ്പെടെയെത്തി സ്കൂൾ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ നടപടി സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അടക്കം ജനപ്രതിനിധികൾ സ്കൂളിലെത്തി. വിദ്യാർഥികൾ, രക്ഷിതാക്കൾ, ആരോഗ്യപ്രവർത്തകർ, സ്കൂൾ അധികൃതർ ഉൾപ്പെടെയുള്ളവരുടെ അടിയന്തരയോഗം ബുധനാഴ്ച ചേരും.

